Skip to content

ബാറ്റ്സ്മാനെ പുറത്താക്കേണ്ടത് നേരായ വഴിയിലൂടെ ; അശ്വിനെതിരെ ബിസിസിഐയും

രൂക്ഷമായ വിമർശനങ്ങളാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ജോസ് ബട്ട്ലറെ മങ്കാഡിങ് രീതിയിലൂടെ റണ്ണൗട്ടാക്കിയ ശേഷം കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ ആർ അശ്വിൻ ഏറ്റുവാങ്ങിയത്. മത്സരത്തിന് പുറകെ റോയൽസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, കോച്ച് പാഡി ഉപ്ടൺ, ബ്രാൻഡ് അംബാസിഡർ ഷെയ്ൻ വോൺ എന്നിവരും അശ്വിന്റെ പ്രവർത്തിക്കെതിരെ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ബിസിസിഐയും അശ്വിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അശ്വിൻ ക്യാപ്റ്റനെന്ന നിലയിൽ ഔചിത്യം കാണിക്കണമായിരുന്നുവെന്നും മാച്ച് ഓഫീഷ്യൽസിനും തീരുമാനത്തിൽ തെറ്റ് പറ്റിയെന്നും ബിസിസിഐ തുറന്നടിച്ചു. ബാറ്റ്സ്മാനെ പുറത്താക്കാൻ ക്രിക്കറ്റിലെ കഴിവുകൾ മാത്രമേ ഉപയോഗിക്കാവൂവെന്നും അതാണ് കളി വീക്ഷിക്കുന്നവർക്കും വളർന്നുവരുന്ന താരങ്ങൾക്കും ശരിയായ സന്ദേശം നൽകുവെന്നും സീനിയർ ബിസിസിഐ വക്താവ് വ്യക്തമാക്കി.

ക്രിക്കറ്റിലെ നിയമങ്ങളും സ്പോർട്സ്മാൻ സ്പിരിറ്റും ഒരുപോലെ കാത്തുസംരക്ഷിക്കണമെന്ന് അശ്വിൻ മനസിലാക്കണമെന്നും ഒരുപക്ഷേ ഇത്തരത്തിലുള്ള പുറത്താക്കലുകൾ നിങ്ങൾക്ക് വിജയം നേടിതന്നേക്കാമെന്നും എന്നാൽ ജനപ്രീതി നേടാൻ സാധിക്കില്ലെന്നും ബിസിസിഐ വക്താക്കൾ വ്യക്തമാക്കി.