Skip to content

ബൗളിങിൽ എന്തെങ്കിലും സഹായം വേണ്ടിവന്നാൽ ഞാനും കുൽദീപും എപ്പോഴും സമീപിക്കുന്നത് ധോണിയെ ; ചഹാൽ

ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ നിർണായക അംഗങ്ങളായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറിയിരിക്കുകയാണ് സ്പിന്നർമാരായ യുസ്‌വേന്ദ്ര ചഹാലും കുൽദീപ് യാദവും . ഏതൊരു ലോകോത്തര ബാറ്റ്സ്മാന്മാരെയും വെള്ളംകുടിപ്പിക്കാൻ പോന്ന ബൗളർമാരായി ഇരുവരും മാറികഴിഞ്ഞു . ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപേ വിക്കറ്റ്കീപ്പറും മുൻ ക്യാപ്റ്റനും കൂടിയായ എം എസ് ധോണിയുടെ സാന്നിധ്യം എത്രത്തോളം തങ്ങളെ സഹായിക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് യുസ്‌വേന്ദ്ര ചഹാൽ . ബൗളിങ്ങിൽ എന്ത് സംശയം ഉണ്ടായാലും ഞാനും കുൽദീപ് യാദവും എപ്പോഴും ചോദിക്കുന്നത് ധോണിയോടാണെന്നും ധോണിയ്ക്കൊപ്പം തന്നെ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും സഹായിക്കാൻ എപ്പോഴും കൂടെയുണ്ടാകുമെന്നും ചഹാൽ പറഞ്ഞു .

” മഹി ഭായിയും ഞാനും ഒരുമിച്ച് പബ്‌ജി കളിക്കാറുണ്ട്, ടീമിലെ ഏഴോ എട്ടോ താരങ്ങൾ രണ്ട് മണിക്കൂറോളം പബ്‌ജി കളിക്കും . പത്ത് വർഷങ്ങൾക്ക് മുൻപ് രഞ്ജി ട്രോഫിയിൽ കളിക്കുമ്പോൾ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാൻ സാധിക്കുമെന്ന് ഞാൻ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു . ഈ യാത്ര വളരെ രസകരമാണ്, മഹി ഭായിയുടെ കീഴിൽ കളിക്കുന്നത് വലിയ കാര്യമായിരുന്നു . അദ്ദേഹമായിരുന്നു എന്റെ ആദ്യ ക്യാപ്റ്റൻ . ബൗളിങ്ങിൽ എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ കുൽദീപും ഞാനും എപ്പോഴും ധോണിയോട് ചോദിക്കും ” ചഹാൽ പറഞ്ഞു .