Skip to content

ധോണിയുടെയും കോഹ്ലിയുടെയും ഹിറ്റ്മാന്റെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യതാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്

ഇന്ത്യൻ താരങ്ങളായ എം എസ് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക് . ഇവർ മൂന്നുപേരുടെയും കീഴിൽ കളിക്കാൻ സാധിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിനേശ് കാർത്തിക് .

ക്യാപ്റ്റൻസിയിൽ മൂവരും വ്യത്യസ്തർ

ക്യാപ്റ്റൻസി ശൈലിയിൽ ധോണിയും കോഹ്ലിയും രോഹിത് ശർമ്മയും വ്യത്യസ്ത തലങ്ങളിലാണെന്നും മൂന്നുപേരും മത്സരത്തെ സമീപിക്കുന്നത് വ്യത്യസ്ത രീതിയിലാണെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് വ്യക്തമാക്കി .

” എം എസ് വളരെ ജന്മവാസനയുള്ള ക്യാപ്റ്റനാണ് . കളിക്കളത്തിൽ വെച്ചാണ് ഭൂരിഭാഗം തീരുമാനങ്ങളും ധോണിയെടുക്കുക ചില തീരുമാനങ്ങളാകട്ടെ ഒട്ടും മുന്നാലോചന കൂടാതെയാകും ഉണ്ടാകുക . എന്നാൽ മറുഭാഗത്ത് കോഹ്ലി ആക്രമണാത്മകയുള്ള ക്യാപ്റ്റനാണ് . ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ടീമിന്റെ നിലവാരം ഉയർത്താൻ അവനെപ്പോഴും ശ്രമിക്കും . മറ്റുള്ളവരേക്കാൾ ആത്മവിശ്വാസം കോഹ്ലിക്കുണ്ട് ” ദിനേശ് കാർത്തിക് പറഞ്ഞു .

ഇരുവരിൽ പാടെ വ്യത്യസ്തമാണ് രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി ശൈലിയെന്നും രോഹിത് ശർമ്മ വളരെ തന്ത്രപരമായ ക്യാപ്റ്റനാണെന്നും കാർത്തിക്ക് വ്യക്തമാക്കി .

” എപ്പോഴും വളരെയധികം ഹോംവർക്ക് ചെയ്യുന്ന ക്യാപ്റ്റനാണ് രോഹിത് . അവൻ വളരെ തന്ത്രപരമായാണ് മത്സരത്തെ സമീപിക്കുന്നത് . എപ്പോഴും ബൗളർമാരുമായി അവൻ ചർച്ചചെയ്യും ചിലപ്പോൾ ബാറ്റ്സ്മാന്മാരോട് പോലും . ” ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു .

കഴിഞ്ഞ വർഷം ശ്രീലങ്കയിൽ നടന്ന നിദാഹാസ്‌ ട്രോഫി ഫൈനലോടെയാണ് ദിനേശ് കാർത്തിക്കിന്റെ അന്താരാഷ്ട്ര കരിയർ മാറി മറിഞ്ഞത് . തുടർന്ന് എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്കായി തിരിച്ചെത്തിയ ദിനേശ് കാർത്തിക് ലിമിറ്റഡ് ഓവർ ടീമിൽ ഏറെക്കുറെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു . ലോകകപ്പിനുള്ള ടീമിലും സ്ഥാനം നേടാമെന്ന പ്രതീക്ഷയിലാണ് താരം