Skip to content

ലോകകപ്പ് ടീമിൽ എന്തുകൊണ്ട് റിഷാബ് പന്ത് വേണം ; അഞ്ച് കാരണങ്ങൾ വ്യക്തമാക്കി ആശിഷ് നെഹ്റ

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. നിരവധി കാരണങ്ങൾ നിരത്തിയാണ് പ്ലേയിങ് ഇലവനിൽ റിഷാബ് പന്ത് എത്രത്തോളം നിർണായകമാകുമെന്ന് മുൻ ഇന്ത്യൻ താരം വ്യക്തമാക്കിയത് . ഒരു ടീമിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന നിരവധി താരങ്ങൾ ഉണ്ടാകുമെന്നും എന്നാൽ ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകളിൽ എക്‌സ് ഫാക്ടറുള്ള താരങ്ങളെയാണ് ടീമിന് ആവശ്യമെന്നും റിഷാബ് പന്ത് അത്തരത്തിലൊരു പ്ലേയർ ആണെന്നും പറഞ്ഞ നെഹ്റ പന്തിനെ ആദ്യ ഇലവനിൽ കളിപ്പിക്കേണ്ടതിന്റെ കൂടുതൽ കാരണങ്ങൾ തുറന്നുപറഞ്ഞു.

” ഇപ്പോൾ ഇന്ത്യൻ ബാറ്റിങ് ലൈനപ്പിൽ നോക്കുകയാണെങ്കിൽ ശിഖാർ ധവാനെ ഒഴിച്ചുനിർത്തിയാൽ മറ്റൊരു ഇടംകയ്യൻ ബാറ്റ്സ്മാൻ ആദ്യ ഏഴിൽ ഇല്ല . വലിയ ടൂർണമെന്റുകളിൽ ലെഫ്റ്റ് – റൈറ്റ് ഹാൻഡ് കോമ്പിനേഷൻ അനിവാര്യമാണ് . ”

” രണ്ടാമതായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യുവാൻ റിഷാബ് പന്തിന് സാധിക്കും. അതുകൊണ്ട് തന്നെ സാഹചര്യങ്ങൾക്കനുസരിച്ച് അവനെ ഉപയോഗിക്കാൻ വിരാട് കോഹ്ലിക്ക് സാധിക്കും ” നെഹ്റ പറഞ്ഞു .

അനായാസം സിക്സ് പറത്താനുള്ള പന്തിന്റെ കഴിവാണ് മൂന്നാമത്ത കാരണമായി ആശിഷ് നെഹ്റ പറഞ്ഞത് .

” നിലവിൽ ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയ്ക്ക് ശേഷം അനായാസം സിക്സ് നേടാൻ കഴിയുന്നത് റിഷാബ് പന്തിനാണ് . ലോകകപ്പിൽ ഇത്തരത്തിൽ ബിഗ് ഹിറ്റിങ്ങിന് സാധിക്കുന്ന ബാറ്റ്സ്മാന്മാരെ എല്ലാ ടീമിനും ആവശ്യമാണ് ”

” നിലവിൽ ഇന്ത്യൻ ടീമിൽ മൂന്ന് മാച്ച് വിന്നേഴ്‌സാണ് ഉള്ളത് . വിരാട് കോഹ്ലിയും രോഹിത് ശർമ്മയും പിന്നെ ജസ്പ്രീത് ബുംറയും . എനിക്ക് തോന്നുന്നു അത്തരത്തിൽ നാലാമത്തെ പ്ലേയറായി റിഷാബ് പന്ത് മാറും ” ആശിഷ് നെഹ്റ കൂട്ടിച്ചേർത്തു .

അമ്പാട്ടി റായുഡു, ദിനേശ് കാർത്തിക്, കേദാർ ജാദവ് എന്നിവർ മികച്ച ബാറ്റ്സ്മാന്മാർ ആണെന്നും എന്നാൽ അവരെല്ലാം ഒരേ അച്ചിലുള്ളവരാണെന്നും എന്നാൽ റിഷാബ് പന്ത് ഒരു എക്‌സ് ഫാക്ടറുള്ള ബാറ്റ്സ്മാനാണെന്നും നെഹ്റ പറഞ്ഞു .