Skip to content

കുംബ്ലെ പരിശീലനകനായി തുടരാനാണ് ഞങ്ങൾ ആഗ്രഹിച്ചത് ; വിവാദത്തെ പറ്റി ലക്ഷ്മൺ

ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച കോഹ്ലി-അനിൽ കുംബ്ലെ വിവാദത്തെ പറ്റി തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ബാറ്റ്സ്മാനും ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗവുമായ വിവിഎസ് ലക്ഷ്മൺ . ഇന്ത്യൻ പരിശീലകനായി അനിൽ കുംബ്ലെ തുടരാനാണ് ഞങ്ങൾ ആഗ്രഹിച്ചതെന്നും എന്നാൽ കോച്ച് ആയി തുടരുന്നതിൽ കുംബ്ലെയ്ക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്നും ഇന്നും ആ സംഭവം വായിൽ കയ്പ്പ് നിറക്കുന്നുണ്ടെന്നും വിശാഖപട്ടണത്ത് നടന്ന പരിപാടിയിൽ വിവിഎസ് ലക്ഷ്മൺ വ്യക്തമാക്കി . ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അനിൽ കുംബ്ലെ പരിശീലകസ്ഥാനം രാജിവച്ചത്. എന്നാൽ ഒരിക്കലും വിരാട് കോഹ്ലി അതിരുകൾ ലംഘിച്ചിരുന്നില്ലെന്നും രാജി കുംബ്ലെയുടെ സ്വന്തം താല്പര്യപ്രകാരമായിരുന്നുവെന്നും വിവിഎസ് ലക്ഷ്മൺ വ്യക്തമാക്കി .

2016 ലാണ് വിവിഎസ് ലക്ഷ്മൺ, സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി എന്നിവർ അടങ്ങുന്ന കമ്മിറ്റി അനിൽ കുംബ്ലെയെ ഇന്ത്യൻ കോച്ചായി തിരഞ്ഞെടുത്തത് . എന്നാൽ കോഹ്ലിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിയിലും കുംബ്ലെ തുടരണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചതെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു .