Skip to content

ഇതെന്തൊരു ടെസ്റ്റ് !! ആദ്യ ദിനം മാത്രം വീണത് 23 വിക്കറ്റുകൾ

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള കേപ് ടൗൺ ടെസ്റ്റിലെ ആദ്യ ദിനത്തിൽ നിറഞ്ഞാടി ബൗളർമാർ. 23 വിക്കറ്റുകളാണ് ആദ്യ ദിനത്തിൽ മാത്രം വീണത്.

മത്സരത്തിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ സൗത്താഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് നേടിയിട്ടുണ്ട്. 36 റൺസ് നേടിയ ഐയ്ഡൻ മാർക്രവും 7 റൺസ് നേടിയ ഡേവിഡ് ബെഡിങ്ഹാമുമാണ് ക്രീസിലുള്ളത്. 36 റൺസ് പുറകിലാണ് സൗത്താഫ്രിക്കയുള്ളത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്കയെ 55 റൺസിന് പുറത്താക്കിയ ഇന്ത്യയ്ക്ക് മറുപടി ബാറ്റിങിൽ 153 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 98 റൺസിൻ്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 153 റൺസിന് നാല് എന്ന മികച്ച നിലയിൽ നിന്നാണ് അതേ സ്കോറിന് ഇന്ത്യ പുറത്തായത്. 11 പന്തുകളിലാണ് അവസാന 6 വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായത്. ഒരു റൺ പോലും ഇതിനിടെ കൂട്ടിചേർക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.46 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് ശർമ്മ 39 റൺസും ഗിൽ 36 റൺസും നേടി പുറത്തായി.

ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് നേടിയ മൊഹമ്മദ് സിറാജാണ് സൗത്താഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തത്.