Skip to content

അവിശ്വസനീയ ബൗളിങ് പ്രകടനവുമായി ദീപ്തി ശർമ്മ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്. അവിശ്വസനീയ ബൗളിംഗ് പ്രകടനത്തിലൂടെ ദീപ്തി ശർമ്മയാണ് ഇംഗ്ലണ്ടിനെ തകർത്തത്.

ഇന്ത്യയുടെ 428 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 70 പന്തിൽ 59 റൺസ് നേടിയ നാറ്റ് സ്കിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചുനിന്നത്.

5.3 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയാണ് ഇംഗ്ലണ്ടിനെ തകർത്തത്. സ്നേ റാണ രണ്ട് വിക്കറ്റും രേണുക സിങ്, പൂജ വസ്ത്രക്കർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 428 റൺസ് അടിച്ചുകൂട്ടിയിരുന്നു. 69 റൺസ് നേടിയ ശുഭ സതീഷ്, 68 റൺസ് നേടിയ ജെമിമ റോഡ്രിഗസ്, 66 റൺസ് നേടിയ യാസ്തിക ഭാട്ടിയ, 67 റൺസ് നേടിയ ദീപ്തി ശർമ്മ എന്നിവരാണ് ഇന്ത്യക്കായി തിളങ്ങിയത്.