Skip to content

തോറ്റ് തുന്നംപാടി ഇംഗ്ലണ്ട് ! വിൻഡീസിനെതിരെ വീണ്ടും തോൽവി

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്. 10 റൺസിനാണ് മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപെട്ടത്.

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 177 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ. 32 പന്തിൽ 50 റൺസ് നേടിയ സാം കറൻ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.

വെസ്റ്റിൻഡീസിനായി അൽസാരി ജോസഫ് മൂന്ന് വിക്കറ്റും അകീൽ ഹോസൈൻ രണ്ട് വിക്കറ്റും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 52 പന്തിൽ 8 ഫോറും 5 സിക്സും ഉൾപ്പടെ 82 റൺസ് നേടിയ ബ്രാൻഡൻ കിങ്, 28 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ റോവ്മാൻ പവൽ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വിൻഡീസ് 2-0 ന് മുൻപിലെത്തി. നേരത്തെ ഏകദിന പരമ്പര 2-1 ന് വിൻഡീസ് സ്വന്തമാക്കിയിരുന്നു.