Skip to content

ഇനി മറ്റൊരു ഏഴാം നമ്പർ ഇല്ല !! ധോണിയ്ക്ക് ആദരവുമായി ബിസിസിഐ

മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയ്ക്കുള്ള ആദരവിൻ്റെ ഭാഗമായി ധോണിയുടെ ഏഴാം നമ്പർ ജേഴ്സി റിട്ടയർ ചെയ്യാൻ ഒരുങ്ങി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ടീമിൽ എത്തുന്ന പുതിയ താരങ്ങൾക്ക് ഏഴാം നമ്പർ തിരഞ്ഞെടുക്കാൻ സാധിക്കില്ല. ഇക്കാര്യം കളിക്കാരുമായി ബിസിസിഐ പങ്കുവെച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇതിന് മുൻപ് സച്ചിൻ ടെണ്ടുൽക്കറുടെ പത്താം നമ്പർ ബിസിസിഐ റിട്ടയർ ചെയ്തിരുന്നു. 2017 ൽ ഷാർദുൽ താക്കൂർ പത്താം നമ്പർ ജേഴ്സി ധരിച്ചാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. ഇതിന് പുറകെ താരത്തിനെതിരെ വലിയ പ്രതിഷേധം ആരാധകരിൽ നിന്നും ഉയരുകയും ഒടുവിൽ പത്താം നമ്പർ ബിസിസിഐ ഔദ്യോഗികമായി റിട്ടയർ ചെയ്യുകയും ചെയ്തിരുന്നു.

എം എസ് ധോണിയുടെ കീഴിൽ മൂന്ന് ഐസിസി ട്രോഫി ഇന്ത്യ നേടിയിട്ടുണ്ട്. ധോണി ക്യാപ്റ്റനായിരിക്കെയാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടിയതും. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന് ആദരവായാണ് ഇപ്പോൾ ഏഴാം നമ്പർ ജേഴ്സി റിട്ടയർ ചെയ്യുവാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.