Skip to content

അത് ലോകകപ്പ് വിജയത്തിന് തുല്യമായിരിക്കും !! ആ പരമ്പര അത്ര എളുപ്പമല്ല : എസ് ശ്രീശാന്ത്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ വെല്ലുവിളികൾ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഈ മാസമാണ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയും സൗത്താഫ്രിക്കയും ഏറ്റുമുട്ടുന്നത്.

ഒരിക്കൽ പോലും സൗത്താഫ്രിക്കയിൽ ടെസ്റ്റ് പരമ്പര വിജയിക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ സൗത്താഫ്രിക്കൻ ടെസ്റ്റ് പരമ്പരയിലെ തോൽവിയോടെയാണ് വിരാട് കോഹ്ലി തൻ്റെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം തന്നെ ഒഴിഞ്ഞത്.

” അവിടെ ഇന്ത്യ ടെസ്റ്റ് പരമ്പര വിജയിക്കുന്നത് കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു, ലോകകപ്പ് വിജയിക്കുന്നത് പോലെയായിരിക്കും അത്. സൗത്താഫ്രിക്കയ്ക്കെതിരെ സൗത്താഫ്രിക്കയിൽ വിജയിക്കുകയെന്നത് എളുപ്പമല്ല. ”

” അവിടുത്തെ സാഹചര്യങ്ങൾ അതൊരിക്കലും എളുപ്പമല്ല. അവരുടെ ഫാസ്റ്റ് ബൗളർമാരെ നമ്മൾ ലോകകപ്പിൽ കണ്ടതാണ്. മികച്ച പേസ് നിര തന്നെ അവർക്കുണ്ട്. പക്ഷേ ഇന്ത്യൻ ടീമും മികച്ചതാണ്. ബുംറയും ഷാമിയും സിറാജും മാത്രമല്ല. മികച്ച മറ്റു ബൗളർമാരും നമുക്കുണ്ട്. ഇക്കുറി സൗത്താഫ്രിക്കയിൽ ഇന്ത്യ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ” ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ശ്രീശാന്ത് 87 വിക്കറ്റ് നേടിയിട്ടുണ്ട്. ഇതിൽ താരം ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ളത് സൗത്താഫ്രിക്കയ്ക്കെതിരെയാണ്. 31 വിക്കറ്റ് സൗത്താഫ്രിക്കയ്ക്കെതിരെ ടെസ്റ്റിൽ ശ്രീശാന്ത് നേടിയിട്ടുണ്ട്.