Skip to content

ഇത് ഷാമി മാജിക്ക് !! 700 ലധികം റൺസ് പിറന്ന മത്സരത്തിൽ 7 വിക്കറ്റ് !!

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പടുകൂറ്റൻ സ്കോർ നേടിയെങ്കിലും ഇന്ത്യയ്ക്ക് വിജയലക്ഷ്യം പ്രതിരോധിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ഷാമി വീണ്ടും രക്ഷകനായി അവതരിച്ചതോടെ ഇന്ത്യ വിജയം നേടുകയായിരുന്നു.

മത്സരത്തിൽ 398 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് 327 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. ഏഴ് വിക്കറ്റുകളാണ് 59 പന്തുകൾ എറിഞ്ഞുകൊണ്ട് ഷാമി വീഴ്ത്തിയത്. ഇരു ടീമും കൂടെ 724 റൺസ് നേടിയ പിച്ചിലാണ് ഈ അവിശ്വസനീയ പ്രകടനം ഷാമി കാഴ്ച്ചവെച്ചത്.

മത്സരത്തിൻ്റെ പല ഘട്ടങ്ങളിലും ഇന്ത്യ സമ്മർദ്ദത്തിലായിരുന്നു. 179 റൺസ് നീണ്ട വില്യംസൺ – ഡാരൽ മിച്ചൽ കൂട്ടുകെട്ട് തകർത്തുകൊണ്ട് ഷാമിയാണ് ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. അതേ ഓവറിൽ ടോം ലാതത്തിനെയും ഷാമി പുറത്താക്കി.

ഏകദിന ക്രിക്കറ്റിൽ ഏഴ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഷാമി. കൂടാതെ ലോകകപ്പ് നോക്കൗട്ടിൽ ഏഴ് വിക്കറ്റ് നേടുന്ന ആദ്യ ബൗളറെന്ന ചരിത്രനേട്ടവും ഷാമി സ്വന്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മികവിൽ കൂറ്റൻ സ്കോർ കുറിച്ചു. കോഹ്ലി 117 റൺസ് നേടിയപ്പോൾ ശ്രേയസ് അയ്യർ 70 പന്തിൽ 105 റൺസ് നേടി. ശുഭ്മാൻ ഗിൽ 66 പന്തിൽ 80 റൺസും, രോഹിത് ശർമ്മ 29 പന്തിൽ 47 റൺസും കെ എൽ രാഹുൽ 20 പന്തിൽ 39 റൺസും നേടി.