Skip to content

തകർപ്പൻ പ്രകടനം സൗരവ് ഗാംഗുലിയുടെയും യുവിയുടെയും റെക്കോർഡ് തകർത്ത് ശ്രേയസ് അയ്യർ

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. കോഹ്ലിയ്‌ക്കൊപ്പം സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്.

മത്സരത്തിൽ സെഞ്ചുറി നേടിയ അയ്യരുടെയും കോഹ്ലിയുടെയും മികവിൽ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് ഇന്ത്യ നേടിയിരുന്നു. വിരാട് കോഹ്ലി 113 പന്തിൽ 9 ഫോറും രണ്ട് സിക്സും ഉൾപ്പടെ 117 റൺസ് നേടിയപ്പോൾ ശ്രേയസ് അയ്യർ 70 പന്തിൽ 105 റൺസ് അടിച്ചുകൂട്ടിയിരുന്നു. ലോകകപ്പിലെ ശ്രേയസ് അയ്യരുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

മത്സരത്തിൽ 4 ഫോർ നേടിയ താരം എട്ട് സിക്സുകൾ പറത്തിയിരുന്നു. ഇതോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് ശ്രേയസ് അയ്യർ സ്വന്തമാക്കി. 1999 ൽ ശ്രീലങ്കയ്ക്കെതിരെ 7 സിക്സ് നേടിയ സൗരവ് ഗാംഗുലി, 2007 ലോകകപ്പിൽ ബെർമൂഡയ്ക്കെതിരെ 7 സിക്സ് നേടിയ യുവരാജ് സിങ് എന്നിവരെയാണ് ശ്രേയസ് അയ്യർ പിന്നിലാക്കിയത്.

ലോകകപ്പ് നോക്കൗട്ടിലെ ഒരു ടീമിൻ്റെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ഇന്ത്യ നേടിയത്. 2015 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ വിൻഡീസിനെതിരെ 393 റൺസ് നേടിയ ന്യൂസിലൻഡിൻ്റെ റെക്കോർഡാണ് ഇന്ത്യ തകർത്തത്.