Skip to content

അത് തമാശയ്ക്ക് ചെയ്തതല്ല ! 9 താരങ്ങൾ പന്തെറിഞ്ഞതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒമ്പത് പേരാണ് ഇന്ത്യക്കായി ബൗൾ ചെയ്തത്. വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ മാത്രമാണ് മത്സരത്തിൽ ബൗൾ ചെയ്യാതിരുന്നത്. എന്നാൽ ഈ പരീക്ഷണം തമാശയ്ക്ക് വേണ്ടി ചെയ്തതല്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്.

മത്സരത്തിൽ 160 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 411 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 47.5 ഓവറിൽ 250 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

ഇന്ത്യയ്ക്ക് വേണ്ടി മറ്റു ബൗളർമാർക്കൊപ്പം വിരാട് കോഹ്ലിയും രോഹിത് ശർമയും ഓരോ വിക്കറ്റ് വീതം നേടിയിരുന്നു. ഇരുവർക്കും പുറമെ സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവരും ഇന്ത്യക്കായി പന്തെറിഞ്ഞു.

6 ബൗളിംഗ് ഓപ്ഷനുകൾ മനസ്സിൽ വെച്ചുകൊണ്ടാണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയതെന്ന് രാഹുൽ ദ്രാവിഡ് തുറന്നുപറഞ്ഞു. ഹാർദിക്ക് പാണ്ഡ്യ ആ പ്രശ്നം പരിഹരിച്ചിരുന്നുവെന്നും പക്ഷേ പാണ്ഡ്യ പുറത്തായതോടെ ആ ചോദ്യം മുൻപിൽ എത്തിയെന്നും പക്ഷേ അഞ്ച് ബൗളർമാരും അവസരത്തിനൊത്ത് ഉയർന്നുവെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

ബൗളർമാർക്കും ബാറ്റ് കൊണ്ട് സംഭാവന ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സെമിഫൈനലിലേക്ക് കടക്കുമ്പോൾ ടീം വലിയ ആത്മവിശ്വാസത്തിലാണെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.