Skip to content

തകർപ്പൻ സെഞ്ചുറി ! രോഹിത് ശർമ്മയെ പിന്നിലാക്കി കെ എൽ രാഹുൽ

തകർപ്പൻ പ്രകടനമാണ് നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ താരം കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. ശ്രേയസ് അയ്യർക്കൊപ്പം കെ എൽ രാഹുൽ തകർത്തടിച്ചതോടെയാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ രോഹിത് ശർമ്മയുടെ റെക്കോർഡും കെ എൽ രാഹുൽ തകർത്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 410 റൺസ് നേടിയിരുന്നു. 94 പന്തിൽ 10 ഫോറും 5 സിക്സും അടക്കം 128 റൺസ് നേടിയ ശ്രേയസ് അയ്യർ, 64 പന്തിൽ 11 ഫോറും 4 സിക്സും ഉൾപ്പടെ 102 റൺസ് നേടിയ കെ എൽ രാഹുൽ, ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്.

മത്സരത്തിൽ വെറും 62 പന്തിൽ നിന്നുമാണ് കെ എൽ രാഹുൽ സെഞ്ചുറി നേടിയത്. ഇതോടെ ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനായി കെ എൽ രാഹുൽ മാറി. ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ 63 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മയെയാണ് കെ എൽ രാഹുൽ പിന്നിലാക്കിയത്. ഈ ലോകകപ്പിന് മുൻപ് 2007 ലോകകപ്പിൽ ബെർമൂഡയ്ക്കെതിരെ 81 പന്തിൽ സെഞ്ചുറി നേടിയ വീരേന്ദർ സെവാഗിൻ്റെ പേരിലായിരുന്നു ഈ റെക്കോർഡ് ഉണ്ടായിരുന്നത്.

ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ 400 റൺസ് നേടുന്നത്. ഇതിന് മുൻപ് 2007 ലോകകപ്പിൽ ബർമൂഡയ്ക്കെതിരെ 413 റൺസ് ഇന്ത്യ നേടിയിരുന്നു.