Skip to content

വാക്കുകൾകൊണ്ട് മാത്രമല്ല പ്രവൃത്തികൊണ്ടും അവനത് തെളിയിച്ചു ! ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ അവസാന ഘട്ട പോരാട്ടങ്ങൾക്ക് ഒരുങ്ങവെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വാക്കുകൾ കൊണ്ട് മാത്രം നിസ്വാർത്ഥനാകാൻ കഴിയുകയില്ലെന്നും രോഹിത് പ്രവൃത്തിയിലൂടെ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ഗംഭീർ പറഞ്ഞു.

ഈ ലോകകപ്പിൽ ഒന്നോ രണ്ടോ മത്സരങ്ങൾ ഒഴിച്ചുനിർത്തിയാൽ മറ്റു മത്സരങ്ങളിൽ മികച്ച തുടക്കമാണ് രോഹിത് ശർമ്മ ഇന്ത്യയ്ക്കായി നൽകിയത്. ഈ ലോകകപ്പിൽ ഇതുവരെ എട്ട് ഇന്നിങ്സിൽ നിന്നുമായി 442 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്.

” രോഹിത് ശർമ്മയെ കുറിച്ച് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. കളിക്കാർക്കൊപ്പം ചിരിച്ച് കളിച്ച് പെരുമാറിയതുകൊണ്ടോ, മീഡിയയിൽ അവരെ കുറിച്ച് നല്ലതുപറഞ്ഞതു കൊണ്ടോ നിസ്വാർത്ഥനാവുകയില്ല. വേഗത്തിൽ റൺസ് നേടാൻ ശ്രമിക്കുന്നതും സെൽഫിഷ് ആണെന്ന് പറയേണ്ടിവരും. ബാറ്റ് ചെയ്യുന്ന രീതിയും ബൗൾ ചെയ്യുന്ന രീതിയുമാണ് അത് തെളിയിക്കുക. ”

” ടീം അഗ്രസീവായാണ് കളിക്കേണ്ടതെന്ന് രോഹിത് ശർമ്മ പറഞ്ഞത്. അവൻ മുൻപിൽ നിന്ന് നയിക്കുകയും ചെയ്യുന്നു. വേണമെങ്കിൽ അവന് 25 ഓവറിനുള്ളിൽ സെഞ്ചുറി നേടാം. പക്ഷേ അവൻ ടീമിന് കൂടുതൽ പ്രാധാന്യം നൽകുന്നു. അതുകൊണ്ട് തന്നെ അവൻ വാക്കുകൾ കൊണ്ട് മാത്രമല്ല പ്രവൃത്തികൊണ്ടും നിസ്വാർത്ഥത കാണിക്കുകയാണ്. ” ഗൗതം ഗംഭീർ പറഞ്ഞു.