Skip to content

ഇതൊന്നും പുതിയ കാര്യമല്ല !! ഇത് മുൻപേ ഉണ്ടായിരുന്നു !! ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ പ്രകടനത്തിനൊപ്പം ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിച്ച കാര്യമാണ് ഇന്ത്യൻ ടീമിനുള്ളിലെ കാഴ്ച്ചകൾ. അതിൽ പ്രധാനപെട്ടത് ഓരോ മത്സരത്തിന് ശേഷമുള്ള മികച്ച ഫീൽഡർക്കുള്ള മെഡൽ നൽകലായിരുന്നു. ആരാധകരെ സംബന്ധിച്ച് ഇത് പുതുമയുള്ള കാഴ്ച്ചയാണെങ്കിൽ കൂടിയും ഇത് പുതിയ കാര്യമല്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗൗതം ഗംഭീർ.

ഇന്ത്യൻ ടീമിൽ താൻ കളിക്കുന്ന സമയത്തും മത്സരത്തിന് ശേഷം മികച്ച ഫീൽഡർമാരെ തിരഞ്ഞെടുക്കാറുണ്ടെന്നും അന്നൊന്നും സോഷ്യൽ മീഡിയ സജീവമല്ലാത്തതിനാലാണ് ഇതൊന്നും ആരാധകർ അറിയാതെ പോയതെന്നും ഗംഭീർ പറഞ്ഞു.

” ഈ കാര്യങ്ങൾ ഇതിന് മുമ്പും നിലനിന്നിരുന്നു. സോഷ്യൽ മീഡിയ കാരണം ഇന്ന് ഇതേ പോലെയുള്ള കാര്യങ്ങൾ കാണുവാൻ സാധിക്കും. “

” ഇന്ന് ഡ്രസിങ് റൂമിൽ എന്ത് സംഭവിക്കുന്നു, എങ്ങനെയാണ് ആഘോഷിക്കുന്നത് ഇതെല്ലാം കാണാൻ സാധിക്കും. പക്ഷേ മുൻപത്തെ സ്ഥിതി ഇങ്ങനെയായിരുന്നില്ല. ഞങ്ങളുടെ സമയത്തും മികച്ച ഫീൽഡർക്ക് മെഡലുകളും സമ്മാനങ്ങളും നൽകിയിട്ടുണ്ട്. ” ഗംഭീർ പറഞ്ഞു.

” ഈ കാര്യങ്ങൾ എല്ലാം മുൻപും നടന്നിട്ടുണ്ട്. പക്ഷേ ഇതൊന്നും ആളുകൾ അറിഞ്ഞിരുന്നില്ല എന്ന് മാത്രം. ഐ പി എല്ലിലും ഇത് നടക്കാറുണ്ട്. ഡ്രസിങ് റൂമിലെ പ്ലേയർ ഓഫ് മാച്ച് ഔദ്യോഗിക പ്ലേയർ ഓഫ് ദി മാച്ചിൽ നിന്നും വ്യത്യസ്തമായിരിക്കും. ഇതെല്ലാം സാധാരണമാണ്. ” ഗംഭീർ കൂട്ടിച്ചേർത്തു.