Skip to content

അങ്ങനെയെങ്കിൽ മാത്രമേ അവർക്ക് ലോകകപ്പ് നേടുവാൻ സാധിക്കൂ !! ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കവെ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ ഐസിസി ടൂർണമെൻ്റുകളിൽ നോക്കൗട്ടുകളിൽ പുറത്തായ ഇന്ത്യ ഇക്കുറി അത് ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്നും ഗംഭീർ നിർദ്ദേശിച്ചു.

ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ പരാജയപെടുത്തിയിരുന്നു. ആ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സെമി പോരാട്ടത്തിനായി ഒരുങ്ങുന്നത്.

2011 ലോകകപ്പ് ഫൈനലിൽ ഗംഭീർ കളിച്ചതുപോലെയൊരു ഇന്നിങ്സ് ഇക്കുറിയും വേണമോയെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് നിർണ്ണായക നിർദ്ദേശം ഗംഭീർ മുൻപോട്ട് വെച്ചിരിക്കുന്നത്.

താൻ കളിച്ച ആ ഇന്നിങ്സിനെ കുറിച്ച് പറയുവാൻ ആഗ്രഹിക്കുന്നില്ലയെന്നും അത് 12 വർഷങൾക്ക് മുൻപ് നടന്നതാണെന്നും മറുപടിയായി പറഞ്ഞ ഗംഭീർ നോക്കൗട്ട് കടമ്പ കടക്കുവാൻ ഭയമില്ലാതെ ധൈര്യപൂർവ്വം കളിക്കണമെന്ന് നിർദ്ദേശിച്ചു.

2015, 2019 ലോകകപ്പോലെയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളിലെയും തോൽവികളിൽ നിന്നും ഇന്ത്യ കുറെയേറെ കാര്യങ്ങൾ പഠിച്ചുകഴിഞ്ഞുവെന്നും നോക്കൗട്ടിൽ ധൈര്യപൂർവ്വം കളിച്ചാൽ മാത്രമെ വിജയിക്കാൻ സാധിക്കൂവെന്നും ഗംഭീർ പറഞ്ഞു.

” ലോകം ഇതുകൊണ്ട് അവസാനിക്കില്ല. ജീവിതവും, സൂര്യൻ വീണ്ടും ഉദിക്കും. ഇന്ത്യ ഫൈനലിൽ വിജയിച്ചില്ലെങ്കിൽ എന്തു സംഭവിക്കും, സെമി ഫൈനലിൽ വിജയിച്ചില്ലയെങ്കിലോ ? തീർച്ചയായും നിരാശയുണ്ടാകും. ആളുകൾക്ക് വിഷമം തോന്നും. പക്ഷേ ഒരു ആരാധകനും കമൻ്റേറ്റർക്കും ടീമിലെ കളിക്കാരേക്കാൾ വിഷമം ഉണ്ടാകില്ല. അതാണ് മനസ്സിലാക്കേണ്ട കാര്യം. ” ഗംഭീർ കൂട്ടിച്ചേർത്തു.