Skip to content

ഇന്ത്യൻ ക്യാപ്റ്റനാകുവാൻ അവൻ ഒരുക്കമല്ലായിരുന്നു ! വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ രോഹിത് ശർമ്മ തുടക്കത്തിൽ ഒരുക്കമല്ലായിരുന്നുവെന്ന് സൗരവ് ഗാംഗുലി. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ ഗാംഗുലി നടത്തിയിരിക്കുന്നത്.

ഗാംഗുലി ബിസിസിഐ പ്രസിഡൻ്റ് ആയിരിക്കെയാണ് വിരാട് കോഹ്ലിയ്ക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത്. ടി20 ഫോർമാറ്റിൽ സ്വയം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിയെ ഏകദിനത്തിൽ നിന്നും ബിസിസിഐ മാറ്റുകയായിരുന്നു. എന്നാൽ ഇതിന് ശേഷം അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും കോഹ്ലി ഒഴിഞ്ഞിരുന്നു.

” രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനാകുവാൻ തുടക്കത്തിൽ ഒരുക്കമല്ലായിരുന്നു, കാരണം എല്ലാ ഫോർമാറ്റിലും കളിക്കുന്നതിൻ്റെ സമ്മർദ്ദം അവനിൽ ഉണ്ടായിരുന്നു. നീ സമ്മതം മൂളണമെന്നും ഇല്ലെങ്കിൽ ക്യാപ്റ്റനായി നിൻ്റെ പേര് ഞാൻ തന്നെ പ്രഖ്യാപിക്കുമെന്ന് അവനോട് പറയേണ്ടിവന്ന ഘട്ടം വരെ കാര്യങ്ങൾ എത്തിയിരുന്നു. ”

” അവൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. ഇപ്പോൾ അവൻ ടീമിനെ മുന്നിൽ നിന്നുകൊണ്ട് നയിക്കുന്നു. അതിൻ്റെ ഗുണങ്ങൾ ഇപ്പോൾ കാണാനും സാധിക്കും. ” സൗരവ് ഗാംഗുലി പറഞ്ഞു.

കുടുംബത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുമെന്നതിനാൽ രാഹുൽ ദ്രാവിഡും സീനിയർ ടീമിൻ്റെ ഹെഡ് കോച്ചാകുവാൻ ഒരുക്കമല്ലായിരുന്നുവെന്നും പക്ഷേ ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ഒടുവിൽ ദ്രാവിഡ് സമ്മതം മൂളിയെന്നും ഗാംഗുലി വെളിപ്പെടുത്തി.