Skip to content

ആരും ഇത്തരത്തിൽ പുറത്താകരുത് ! മാത്യൂസിൻ്റെ വിവാദ പുറത്താകലിൽ പ്രതികരിച്ച് അശ്വിൻ

ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരായ മത്സരത്തിനിടെ ടൈമിഡ് ഔട്ടിലൂടെ ശ്രീലങ്കൻ താരം എഞ്ചലോ മാത്യുസ് പുറത്തായതിൽ തൻ്റെ പ്രതികരണം അറിയിച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.

മത്സരത്തിൽ ക്രീസിൽ എത്തുവാൻ വൈകിയ താരം ഹെൽമറ്റ് മാറ്റുവാൻ സമയം തേടുകയും ഇതിനിടെ ബംഗ്ലാദേശ് ക്യാപ്റ്റൻ അപ്പീൽ ചെയ്തതോടെ മാത്യുസ് പുറത്താവുകയും ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്തരത്തിൽ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാനാണ് മാത്യൂസ്.

തൻ്റെ യൂട്യൂബ് ചാനലിലാണ് ഇക്കാര്യത്തിൽ അശ്വിൻ അഭിപ്രായം വ്യക്തമാക്കിയത്.

” ഇവിടെ ഒരു കൂട്ടർ നിയമവും മറ്റൊരു കൂട്ടർ സ്പോർട്സ്മാൻ സ്പിരിറ്റുമാണ് പറയുന്നത്. മാത്യൂസ് ക്രീസിലെത്തിയപ്പോൾ അവൻ്റെ ഹെൽമറ്റ് ശരിയല്ലായിരുന്നു. അതവൻ മാറ്റാൻ ആഗ്രഹിച്ചു. ഇതുപോലെ ഇതിന് മുൻപ് ബംഗ്ളാദേശ് താരം ഗാർഡ് ഇല്ലാതെ വന്നപ്പോൾ ശ്രീലങ്ക അതെടുക്കാനുള്ള സമായം അനുവദിച്ചിരുന്നു. ഇതിപ്പോൾ രണ്ട് രാജ്യങ്ങളും തമ്മിലുള്ള യുദ്ധമായി മാറിയിരിക്കുന്നു. ”

” ടൈമിഡ് ഔട്ടിൻ്റെ കാര്യത്തിൽ ഷാക്കിബ് അപ്പീൽ ചെയ്തതോടെയാണ് അമ്പയർമാർ ഔട്ട് വിധിച്ചത്. മാത്യൂസിന് മുന്നറിയിപ്പ് അമ്പയർമാർ നൽകുകയും ചെയ്തിരുന്നു. പക്ഷേ പുറത്തായത് അംഗീകരിക്കാൻ അവനായില്ല. അതിൽ ശരികേടുമില്ല. ഇങ്ങനെ ആരും പുറത്താകരുത്. അതിൽ എല്ലാവർക്കും മോശം തോന്നും. ഇവിടെ രണ്ട് പേരുടെ ഭാഗത്തുനിന്നും ശരിയുണ്ട്. ഒരാൾക്ക് നിയമം അറിയാമായിരുന്നു. മറ്റൊരാൾ ഹെൽമെറ്റിൻ്റെ തകരാർ ചൂണ്ടികാട്ടി. ഇതിൽ നഷ്ടം പുറത്തായ മാത്യുസിനാണ്. ” അശ്വിൻ പറഞ്ഞു.