Skip to content

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം !! ചരിത്രനേട്ടവുമായി ഗ്ലെൻ മാക്സ്വെൽ

ഏകദിന ലോകകപ്പിൽ അഫ്ഗാനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടവുമായി ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ. ഡബിൾ സെഞ്ചുറി കുറിച്ച മാക്സ്വെല്ലിൻ്റെ മികവിലാണ് മത്സരത്തിൽ ഓസ്ട്രേലിയ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്.

മത്സരത്തിൽ 91 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് മാക്സ്വെല്ലിൻ്റെ ഒറ്റയാൾ പോരാട്ടമികവിൽ ഓസ്ട്രേലിയ 292 റൺസിൻ്റെ വിജയലക്ഷ്യം മറികടന്ന് വിജയിച്ചത്. 128 പന്തിൽ 21 ഫോറും 10 സിക്സും ഉൾപ്പടെ പുറത്താകാതെ 201 റൺസ് ഗ്ലെൻ മാക്സ്വെൽ നേടിയിരുന്നു.

മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ നിരവധി റെക്കോർഡുകളാണ് മാക്സ്വെൽ സ്വന്തം പേരിൽ കുറിച്ചത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബാറ്റ്സ്മാൻ ചേസിങിൽ ഡബിൾ സെഞ്ചുറി നേടുന്നത്. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ നോൺ – ഓപ്പണർ കൂടിയാണ് ഗ്ലെൻ മാക്സ്വെൽ.

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ കൂടിയാണ് ഗ്ലെൻ മാക്സ്വെൽ. ഇതിന് മുൻപ് 2011 ൽ ബംഗ്ളാദേശിനെതിരെ 185 റൺസ് നേടിയ ഷെയ്ൻ വാട്സനായിരുന്നു ഏകദിനത്തിൽ ഓസ്ട്രേലിയക്കായി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ബാറ്റ്സ്മാൻ.