Skip to content

അവനില്ലെങ്കിൽ കോഹ്ലിയ്ക്കത് സാധിക്കുകയില്ലായിരുന്നു : ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ എട്ടാം വിജയം നേടികൊണ്ട് മുന്നേറുകയാണ് ഇന്ത്യൻ ടീം. ഒടുവിൽ സൗത്താഫ്രിക്കയെയും ഇന്ത്യ പരാജയപെടുത്തിയിരുന്നു. 49 ആം സെഞ്ചുറി നേടിയ കോഹ്ലിയായിരുന്നു മത്സരത്തിലെ താരം. പക്ഷേ കോഹ്ലിയേക്കാൾ മറ്റൊരു താരത്തെയാണ് ഗൗതം ഗംഭീർ പ്രശംസിച്ചത്.

മത്സരത്തിൽ സെഞ്ചുറി നേടിയ കോഹ്ലിയ്ക്കൊപ്പം 24 പന്തിൽ 40 റൺസ് നേടിയ രോഹിത് ശർമ്മ, 87 പന്തിൽ 77 റൺസ് നേടിയ ശ്രേയസ് അയ്യർ എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ഇതിൽ ഏറ്റവും കൂടുതൽ പ്രശംസിക്കേണ്ടത് ശ്രേയസ് അയ്യരിനെയാണെന്ന് ഗംഭീർ പറഞ്ഞു.

തുടക്കത്തിൽ എളുപ്പമായിരുന്ന പിച്ച് പിന്നീട് ദുഷ്കരമാറിയെന്നും കോഹ്ലി- ശ്രേയസ് അയ്യർ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചതെന്നും അതിൽ ശ്രേയസ് അയ്യരിനെയായിരിക്കും താൻ പ്രശംസിക്കുന്നതെന്നും ഗംഭീർ പറഞ്ഞു.

” ഞാൻ ശ്രേയസ് അയ്യരിനെയാണ് പ്രശംസിക്കുക. കാരണം കോഹ്ലിയിൽ നിന്നും സമ്മർദ്ദം അകറ്റിയത് ശ്രേയസ് അയ്യരായിരുന്നു. അതുകൊണ്ടാണ് ഇത്തരത്തിൽ നീണ്ട ഒരു ഇന്നിംഗ്സ് കളിക്കുവാൻ കോഹ്ലിയ്ക്ക് സാധിച്ചത്. ” ഗംഭീർ പറഞ്ഞു.

നാലാം വിക്കറ്റിലെ കൂട്ടുകെട്ടിൽ ശ്രേയസ് അയ്യർ ഷംസിയ്ക്കും യാൻസനും എതിരെ ബൗണ്ടറികൾ കണ്ടെത്തിയത് നിർണ്ണായകമായെന്നും അവനതിന് സാധിച്ചില്ലായിരുന്നുവെങ്കിൽ സമ്മർദ്ദം വർധിച്ച് കോഹ്ലി ലൂസ് ഷോട്ടുകൾക്ക് ശ്രമിക്കേണ്ടിവരുമായിരുന്നുവെന്നും ഗംഭീർ പറഞ്ഞു.