Skip to content

അതൊരിക്കലും എനിക്ക് സാധിക്കില്ല ! സച്ചിൻ്റെ റെക്കോർഡിന് ഒപ്പമെത്തിയതിനെ കുറിച്ച് വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പം എത്തിയതിനെ കുറിച്ച് പ്രതികരിച്ച് വിരാട് കോഹ്ലി. ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറിയോടെയാണ് കോഹ്ലി സച്ചിനൊപ്പം എത്തിയത്.

മത്സരത്തിൽ 243 റൺസിൻ്റെ വമ്പൻ വിജയം ഇന്ത്യ നേടിയിരുന്നു. ഇന്ത്യ ഉയർത്തിയ 327 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 27.1 ഓവറിൽ 83 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

മത്സരത്തിൽ 119 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. കോഹ്ലിയുടെ ഈ നേട്ടത്തെ സോഷ്യൽ മീഡിയയിലൂടെ സച്ചിൻ അഭിനന്ദിച്ചിരുന്നു. മത്സരശേഷമാണ് സച്ചിൻ്റെ റെക്കോർഡിന് ഓപ്പമെത്തിയതിൽ കോഹ്ലി തൻ്റെ പ്രതികരണം അറിയിച്ചത്.

” ഇതെനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. എൻ്റെ ഹീറോയുടെ റെക്കോർഡിന് ഒപ്പമെത്തുകയെന്നത് എന്നെ സംബന്ധിച്ച് വളരെയധികം സ്പെഷ്യലാണ്. ഇതെനിക്ക് വൈകാരികമായ നിമിഷമാണ്. എവിടെ നിന്നാണ് ഞാൻ വന്നതെന്ന് എനിക്കറിയാം, അദ്ദേഹത്തെ ടെലിവിഷനിൽ കണ്ട നാളുകൾ എനിക്കറിയാം. അദ്ദേഹത്തിൽ നിന്നും അഭിനന്ദിനം നേടുകയെന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ബാറ്റിങിൻ്റെ കാര്യത്തിൽ അദ്ദേഹം പൂർണനാണ്. ഒരിക്കലും അദ്ദേഹത്തേക്കാൾ മികച്ചവനാകുവാൻ എനിക്ക് സാധിക്കില്ല. ” വിരാട് കോഹ്ലി പറഞ്ഞു.