Skip to content

പാണ്ഡ്യ പുറത്തായതിന് പുറകെ പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും ഇന്ത്യൻ സൂപ്പർതാരം ഹാർദിക്ക് പാണ്ഡ്യ പുറത്തായത്. ടൂർണമെൻ്റിൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് ഈയൊരു തിരിച്ചടി ഇന്ത്യ നേരിട്ടിരിക്കുന്നത്. ഹാർദിക്ക് പാണ്ഡ്യയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച ഇന്ത്യ പുതിയ വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ചു.

വിക്കറ്റ് കീപ്പർ കൂടിയായ കെ എൽ രാഹുലിനെയാണ് പുതിയ വൈസ് ക്യാപ്റ്റനായി ഇന്ത്യ നിയമിച്ചിരിക്കുന്നത്. പുറത്തായത് ഓൾ റൗണ്ടർ ആണെങ്കിലും സ്പെഷ്യലിസ്റ്റ് ബൗളറായ പ്രസീദ് കൃഷ്ണയെയാണ് പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബംഗ്ളാദേശിനെതിരായ മത്സരത്തിനിടെയാണ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയത്. സെമിഫൈനലിൽ പാണ്ഡ്യ തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ആ സമയത്തിനകം പരിക്കിൽ നിന്നും മുക്തനാകുവാൻ ഹാർദിക്ക് പാണ്ഡ്യയ്ക്ക് സാധിക്കില്ലെന്ന് വന്നതോടെയാണ് താരം ലോകകപ്പിൽ നിന്നും പുറത്തായത്.

ഹാർദിക്ക് പാണ്ഡ്യ പുറത്തായതോടെയാണ് മൊഹമ്മദ് ഷാമിയ്ക്ക് ടീമിൽ അവസരം ലഭിച്ചത്. ആദ്യ മത്സരത്തിൽ തന്നെ അഞ്ച് വിക്കറ്റ് നേടിയ ഷാമി മൂന്ന് മത്സരങ്ങളിൽ നിന്നും ഇതിനോടകം 14 വിക്കറ്റ് നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ നേടിയ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ലോകകപ്പിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറായി മൊഹമ്മദ് ഷാമി മാറി.

ഹാർദിക്ക് പാണ്ഡ്യ പുറത്തായതോടെ സൂര്യകുമാർ യാദവും പ്ലേയിങ് ഇലവനിൽ തുടരും.