Skip to content

ഒരിക്കലും ഞാനത് ആഗ്രഹിച്ചിട്ടില്ല ! ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ജിയോ സിനിമയിൽ സഞ്ജയ് മഞ്രേക്കർക്കൊപ്പമുള്ള പരിപാടിയിലാണ് സീനിയർ താരമായിരുന്നിട്ടും ക്യാപ്റ്റൻ സ്ഥാനം ലഭിക്കാതിരുന്നതിനെ കുറിച്ച് സെവാഗ് മനസ്സുതുറന്നത്.

രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം സീനിയർ താരമായിരുന്ന സെവാഗിനെ ഒഴിവാക്കികൊണ്ട് എം എസ് ധോണിയെയാണ് ഇന്ത്യ ക്യാപ്റ്റനാക്കിയത്. എന്നാൽ താനൊരിക്കലും ക്യാപ്റ്റൻ സ്ഥാനം ആഗ്രഹിച്ചിട്ടില്ലയെന്ന് സെവാഗ് തുറന്നുപറഞ്ഞു.

” ഒരു ക്യാപ്റ്റനാകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. തീർച്ചയായും എൻ്റർ മനസ്സിൽ ആശയങ്ങൾ ഉണ്ടായിരുന്നു, അതെല്ലാം സഹതാരങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിച്ചു. നന്ദി പറയേണ്ടത് ഗ്രെഗ് ചാപ്പലിനോടാണ്, എൻ്റെ ഫോം അൽപ്പം നഷ്ടമായതിനാൽ എനിക്ക് വൈസ് ക്യാപ്റ്റൻ പോലും ആകേണ്ടിവന്നില്ല. ”

” കാണികളെ രസിപ്പിക്കുകയായിരുന്നു എൻ്റെ ലക്ഷ്യം, നായകസ്ഥാനം ഏറ്റെടുക്കുന്നതിൽ ഞാൻ ഒരിക്കലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. ” സെവാഗ് പറഞ്ഞു.

ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കപെട്ടതിനെ കുറിച്ചും സെവാഗ് പ്രതികരിച്ചു. 2012 ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സെവാഗ് ടീമിൽ നിന്നും പുറത്തായത്. എന്നാൽ ഇതിനെ കുറിച്ച് യാതൊരു കാര്യവും സെലക്ടർമാർ തന്നെ അറിയിച്ചില്ലയെന്നും ഇനി പരിഗണിക്കില്ലയെന്ന് പറഞ്ഞിരുന്നുവെങ്കിൽ അപ്പോൾ തന്നെ സ്വമേധയാ താൻ വിരമിക്കുമായിരുന്നുവെന്നും സെവാഗ് പറഞ്ഞു.