Skip to content

ഇംഗ്ലണ്ടിനെതിരായ വിജയം ! ലോകകപ്പിൽ തകർപ്പൻ റെക്കോർഡുമായി ഇന്ത്യൻ ടീം

ഐസിസി ഏകദിന ലോകകപ്പിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ഈ ലോകകപ്പിലെ ആറാം വിജയം ഇന്ത്യ നേടി. ഈ വിജയത്തോടെ ലോകകപ്പിൽ തകർപ്പൻ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 229 റൺസാണ് നേടിയത്. എന്നിട്ടും 100 റൺസിൻ്റെ വമ്പൻ വിജയം കുറിക്കുവാൻ ഇന്ത്യയ്ക്കായി. 230 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഇംഗ്ലണ്ടിനെ 129 റൺസിൽ ചുരുക്കികെട്ടികൊണ്ടാണ് 100 റൺസിൻ്റെ വിജയം ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തിലെ ഈ വിജയത്തോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറി. ലോകകപ്പിലെ ഇന്ത്യയുടെ 59 ആം വിജയമാണിത്.

58 മത്സരങ്ങൾ വിജയിച്ചിട്ടുള്ള ന്യൂസിലൻഡിനെയാണ് ഇംഗ്ലണ്ടിനെതിരായ വിജയത്തോടെ ഇന്ത്യ പിന്നിലാക്കിയത്. അഞ്ച് തവണ ലോകകപ്പ് കിരീടം നേടിയിട്ടുള്ള ഓസ്ട്രേലിയ തന്നെയാണ് ഈ നേട്ടത്തിലും ഒന്നാം സ്ഥാനത്തുള്ളത്. ഏകദിന ലോകകപ്പിൽ 73 മത്സരങ്ങളിൽ ഓസ്ട്രേലിയ വിജയിച്ചിട്ടുണ്ട്.

ലോകകപ്പിലേക്ക് വരുമ്പോൾ നവംബർ രണ്ടിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മുംബൈയിലാണ് മത്സരം നടക്കുന്നത്.