Skip to content

ഇനി അതിന് വേണ്ടി കളിക്കും ! തുടർതോൽവികളോട് പ്രതികരിച്ച് ജോസ് ബട്ട്ലർ

ഐസിസി ഏകദിന ലോകകപ്പിൽ നിരാശാജനകമായ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇന്ത്യയോട് തോറ്റ് അഞ്ചാം തോൽവി ഏറ്റുവാങ്ങിയതോടെ ലോകകപ്പിൽ നിന്നും ഇംഗ്ലണ്ട് പുറത്തായി. എന്നാൽ തോൽവിയിൽ നിരാശരായി ഇരിക്കാൻ ഇംഗ്ലണ്ടിനാകില്ല. ഇനിയുള്ള മത്സരങ്ങൾ ഇംഗ്ലണ്ടിന് നിർണായകമാണ്.

നിലവിൽ 6 മത്സരങ്ങളിൽ നിന്നും ഒരേയൊരു വിജയവുമായി പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ഇംഗ്ലണ്ട് ഉള്ളത്. ഈ നിലയിലാണെങ്കിൽ 2025 ൽ പാകിസ്ഥാനിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയ്ക്ക് യോഗ്യത നേടുവാൻ ഇംഗ്ലണ്ടിന് സാധിക്കില്ല.

ഈ ലോകകപ്പ് പോയിൻ്റ് ടേബിളിൽ ആദ്യ ഏഴിലെത്തുന്ന ടീമുകളും ഒപ്പം ആതിഥേയരായ പാകിസ്ഥാനുമായിരിക്കും 2017 ന് ശേഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടുക.

അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കേണ്ടത് ഇംഗ്ലണ്ടിന് അനിവാര്യമാണ്. ഇക്കാര്യം ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ തുറന്നുപറയുകയും ചെയ്തു. ചാമ്പ്യൻസ് ട്രോഫി യോഗ്യതയെ പറ്റി തങ്ങൾക്ക് ധാരണയുണ്ടെന്നും ഈ ലോകകപ്പിൽ ഇനിയുമേറെ ചെയ്യാനുണ്ടെന്നും ബട്ട്ലർ പറഞ്ഞു.

ഇനി നവംബർ നാലിന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ചിരവൈരികളായ ഓസ്ട്രേലിയക്കെതിരെയാണ് ഇംഗ്ലണ്ടിൻ്റെ മത്സരം. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഓസ്ട്രേലിയ പിന്നീട് നടന്ന നാല് മത്സരങ്ങളിലും വിജയിച്ചിരുന്നു. അവസാനമായി മികച്ച ഫോമിലുള്ള ന്യൂസിലൻഡിനെയും ഓസീസ് പരാജയപെടുത്തിയിരുന്നു. ഓസ്ട്രേലിയക്ക് ശേഷം ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നീ ടീമുകളെയും ഇംഗ്ലണ്ട് നേരിടും.