Skip to content

അവൻ സെഞ്ചുറിയ്ക്ക് വേണ്ടിയല്ല കളിക്കുന്നത് ! കോഹ്ലിയെ ലക്ഷ്യമിട്ട് രോഹിത് ശർമ്മയെ പ്രശംസിച്ച് ഗംഭീർ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനത്തോടെ ലോകകപ്പിലെ ഇന്ത്യയുടെ ടോപ്പ് സ്കോററായും രോഹിത് ശർമ്മ മാറിയിരുന്നു.

വിരാട് കോഹ്ലിയെ ഉന്നം വെച്ചുകൊണ്ടായിരുന്നു രോഹിത് ശർമ്മയെ ഗംഭീർ പ്രശംസിച്ചത്. രോഹിത് ശർമ്മ നിസ്വാർത്ഥനായ ക്യാപ്റ്റനാണെന്നും അവന് സെഞ്ചുറികളോട് ഭ്രമമില്ലയെന്നും ഗംഭീർ പറഞ്ഞു.

” ഒരു നേതാവ് തൻ്റെ ടീമിൽ നിന്നും ആഗ്രഹിക്കുന്നതെന്തോ അത് സ്വയം ചെയ്യും. ടീമിൽ നിന്നും പോസിറ്റീവ് ബാറ്റിങ്ങാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ക്യാപ്റ്റനത് ആദ്യം ചെയ്യണം. മുന്നിൽ നിന്ന് നയിക്കേണ്ടത് നിങ്ങളാണ്. പി ആർ ഏജൻസിയ്ക്കോ അല്ലെങ്കിൽ മാർക്കറ്റിംഗ് ഏജൻസിയ്ക്കോ അത് ചെയ്യാനാകില്ല. “

” രോഹിത് ശർമ്മ അത് ചെയ്തുകൊണ്ടിരിക്കുന്നു, റൺ നേടിയവരുടെ പട്ടികയിൽ അവൻ അഞ്ചാമനോ പത്താമനോ ആയേക്കാം. അത് പ്രശ്നമല്ല, നംവംബർ 19 ന് ട്രോഫി നേടുകയെന്നതാണ് നിങ്ങളുടെ ലക്ഷ്യം. സെഞ്ചുറി നേടുകയാണോ അതോ ലോകകപ്പ് നേടുകയാണോ നിങ്ങളുടെ ലക്ഷ്യമെന്ന് തീരുമാനിക്കുക! നിങ്ങളുടെ ലക്ഷ്യം സെഞ്ചുറിയാണെങ്കിൽ അങ്ങനെ കളിക്കാം. ലോകകപ്പ് നേടുകയെന്നതാണ് ലക്ഷ്യമെങ്കിൽ രോഹിത് ശർമ്മയെ പോലെയാകണം. അവൻ നിസ്വാർത്ഥനായ ക്യാപ്റ്റനാണ്. അവനിൽ നിന്നും ഞാൻ ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ” ഗംഭീർ പറഞ്ഞു.