Skip to content

ഇതുപോലൊരു ക്യാപ്റ്റൻ ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല ! രോഹിത് ശർമ്മയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ ആറാം വിജയം നേടി ഇന്ത്യ കുതിപ്പ് തുടരവെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻതാരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്ട്സിൽ മത്സരശേഷം സംസാരിക്കവെയാണ് രോഹിത് ശർമ്മയെ ഗംഭീർ വാനോളം പ്രശംസിച്ചത്.

ലഖ്നൗവിൽ നടന്ന മത്സരത്തിൽ 100 റൺസിന് ഇംഗ്ലണ്ടിനെ പരാജയപെടുത്തികൊണ്ടാണ് തുടർച്ചയായ ആറാം വിജയം ഇന്ത്യ നേടിയത്. എം എസ് ധോണിയും ഗാംഗുലിയും അടക്കമുളള ഒരുപാട് ക്യാപ്റ്റന്മാർ ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും രോഹിത് ശർമ്മ അവരിൽ നിന്നെല്ലാം വ്യത്യസ്തമാണെന്നാണ് ഗംഭീർ പറഞ്ഞിരിക്കുന്നത്.

” ഒരു ക്യാപ്റ്റനും നേതാവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഇന്ത്യയ്ക്ക് ഒരുപാട് ക്യാപ്റ്റന്മാർ ഉണ്ടായിട്ടുണ്ട്, പക്ഷേ രോഹിത് ശർമ്മ ക്യാപ്റ്റൻ എന്നതിലുപരി നേതാവാണ്. അതിന് പ്രധാന കാരണം അവൻ നിസ്വാർത്ഥനാണെന്നതാണ്. ” ഗംഭീർ സ്റ്റാർ സ്പോർട്ട്സിൽ പറഞ്ഞു.

ഈ ലോകകപ്പിൽ ഇന്ത്യയെ മുന്നിൽ നിന്നാണ് രോഹിത് ശർമ്മ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നേടിയ 87 റൺസ് അടക്കം 6 മത്സരങ്ങളിൽ നിന്നും 66.33 ശരാശരിയിൽ 120 ന് അടുത്ത സ്ട്രൈക്ക് റേറ്റിൽ 398 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്. ടൂർണമെൻ്റിലെ ടോപ് സ്കോറർമാരിൽ നാലാം സ്ഥാനത്താണ് രോഹിത് ശർമ്മയുള്ളത്.