Skip to content

ഇനി മുൻപിൽ സച്ചിൻ മാത്രം ! സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെയും പിന്നിലാക്കി രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിൽ അതിഗംഭീര പ്രകടനം തുടരുകയാണ് ഇന്ത്യൻ ടീമും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികച്ച ഇന്നിങ്സാണ് ഇന്ത്യൻ വിജയം ഉറപ്പാക്കിയത്. മത്സരത്തോടെ ചരിത്ര റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ.

100 റൺസിൻ്റെ തകർപ്പൻ വിജയമാണ് മത്സരത്തിൽ ഇന്ത്യ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 230 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 129 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 101 പന്തിൽ 87 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികവിലാണ് പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. ഈ പ്രകടനത്തിൻ്റെ മികവിൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും രോഹിത് ശർമ്മയെ തേടിയെത്തി. ഏകദിന ലോകകപ്പിൽ ഇത് ഏഴാം തവണയാണ് രോഹിത് ശർമ്മ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്നത്.

ഇതോടെ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന രണ്ടാമത്തെ താരമായി ഹിറ്റ്മാൻ മാറി. 9 തവണ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്.