Skip to content

ഇത് മധുരപ്രതികാരം ! ലോകകപ്പിൽ നിന്നും ഇംഗ്ലണ്ടിനെ പുറത്താക്കി ഇന്ത്യ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനോട് മധുരപ്രതികാരം തീർത്ത് ഇന്ത്യ. വിജയം ലക്ഷ്യമാക്കി ലഖ്നൗവിൽ കളിക്കാനിറങ്ങിയ ഇംഗ്ലണ്ടിനെ 100 റൺസിനാണ് ഇന്ത്യ പരാജയപെടുത്തിയത്. ഇതോടെ ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഇംഗ്ലണ്ട് പുറത്തായി.

ഈ ലോകകപ്പിലെ ഇംഗ്ലണ്ടിൻ്റെ തുടർച്ചയായ നാലാം തോൽവിയും ടൂർണമെൻ്റിൽ ഏറ്റുവാങ്ങുന്ന അഞ്ചാം തോൽവിയും കൂടിയാണിത്. ഇതോടെയാണ് കണക്കുകളിൽ ശേഷിക്കുന്ന പ്രതീക്ഷകളും അവസാനിച്ചത്. മറ്റു മത്സരങ്ങളിൽ എന്ന പോലെ ഇംഗ്ലണ്ട് ബാറ്റിങ് നിര ഇക്കുറിയും തകർന്നടിയുകയായിരുന്നു.

കഴിഞ്ഞ വർഷം നടന്ന ഐസിസി ടി20 ലോകകപ്പിൽ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റുകൊണ്ടാണ് ഇന്ത്യ പുറത്തായത്. ഇപ്പോഴിതാ ഒരു വർഷത്തിന് ശേഷം അതിൽ മധുരപ്രതികാരം വീട്ടിയിരിക്കുകയാണ് രോഹിത് ശർമ്മയും കൂട്ടരും.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 230 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 34.5 ഓവറിൽ 129 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയും മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തത്. കുൽദീപ് യാദവ് രണ്ട് വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 87 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 49 റൺസ് നേടിയ സൂര്യകുമാർ യാദവ്, 39 റൺസ് നേടിയ കെ എൽ രാഹുൽ എന്നിവരുടെ മികവിലാണ് 50 ഓവറിൽ 229 റൺസ് നേടിയത്. നവംബർ രണ്ടിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.