Skip to content

ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനം ! തകർപ്പൻ റെക്കോർഡുമായി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. മറ്റുള്ള ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടിയ മത്സരത്തിൽ രോഹിത് ശർമ്മയുടെ പ്രകടനമികവിലാണ് പൊരുതാവുന്ന സ്കോർ ഇന്ത്യ നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടിയിരുന്നു. 101 പന്തിൽ 10 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 87 റൺസ് നേടിയ രോഹിത് ശർമ്മയാണ് ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ഇന്ത്യയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.

47 പന്തിൽ 49 റൺസ് നേടിയ സൂര്യകുമാർ യാദവും 39 റൺസ് നേടിയ കെ എൽ രാഹുലും മാത്രമാണ് രോഹിത് ശർമ്മയെ കൂടാതെ മത്സരത്തിൽ ഇന്ത്യയ്ക്കായി തിളങ്ങിയത്.

മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 18000 റൺസ് രോഹിത് ശർമ്മ പൂർത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിരാട് കോഹ്ലി എന്നിവരാണ് രോഹിത് ശർമ്മയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ഏകദിന ക്രിക്കറ്റിൽ പതിനായിരത്തിലധികം റൺസ് നേടിയിട്ടുള്ള രോഹിത് ശർമ്മ ടെസ്റ്റിൽ 3600 ലധികം റൺസും അന്താരാഷ്ട്ര ടി20 യിൽ 3853 റൺസും നേടിയിട്ടുണ്ട്. മൂന്ന് ഫോർമാറ്റിൽ നിന്നുമായി 45 സെഞ്ചുറിയും ഹിറ്റ്മാൻ നേടിയിട്ടുണ്ട്.