Skip to content

ഇത് അട്ടിമറിയല്ല ! ഇതവർ അർഹിച്ച വിജയം ! നെതർലൻഡ്സ് വിജയത്തിൽ പ്രതികരിച്ച് ഇയാൻ ബിഷപ്പ്

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെ പരാജയപെടുത്തി തങ്ങളുടെ രണ്ടാം വിജയം നേടിയിരിക്കുകയാണ് നെതർലൻഡ്സ്. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 87 റൺസിൻ്റെ ആധികാരിക വിജയമാണ് നെതർലൻഡ്സ് നേടിയത്. മത്സരശേഷം നെതർലൻഡ്സ് ടീമിനെയും ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സിനെയും പ്രശംസിച്ചിരിക്കുകയാണ് മുൻ വിൻഡീസ് താരവും കമൻ്റേറ്ററും കൂടിയായ ഇയാൻ ബിഷപ്പ്.

ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ലോകകപ്പിൽ ഒന്നിലധികം വിജയം നെതർലൻഡ്സ് നേടുന്നത്. ഈ ലോകകപ്പിൽ ശക്തരായ സൗത്താഫ്രിക്കയെയും നെതർലൻഡ്സ് നേരത്തെ പരാജയപെടുത്തിയിരുന്നു.

” സ്കോട്ട് എഡ്വാർഡ്സിനെയും നെതർലൻഡ്സിനെയും അഭിനന്ദിക്കുന്നു. ഉള്ളത് കുറച്ചാണെങ്കിലും അത് കൊണ്ട് പലതും ചെയ്യുന്ന സ്കോട്ട് എഡ്വാർഡ്സിനെ പൊലെയുള്ള ക്യാപ്റ്റന്മാർ ഉണ്ടായിരുന്നുവെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. സൂപ്പർ താരങ്ങൾ ആരും തന്നെ അവരുടെ പക്കലില്ല. പക്ഷേ അവർ കഠിനമായും ബുദ്ധിപരമായും പ്രയത്നിക്കുന്നു. ഇതൊന്നും ഇനി അട്ടിമറികളല്ല. ഇത് അർഹിക്കുന്ന വിജയങ്ങളാണ്. ” ഇയാൻ ബിഷപ്പ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 89 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സിൻ്റെ മികവിലാണ്പൊരുതാവുന്ന സ്കോറിൽ എത്തിയത്. മറുപടി ബാറ്റിങ്ങിൽ 42.2 ഓവറിൽ 142 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും ബംഗ്ളാദേശിന് നഷ്ടമായി.