Skip to content

പാകിസ്ഥാൻ പൊരുതിവീണു ! സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ. ചെന്നൈയിൽ സൗത്താഫ്രിക്കയ്ക്കെതിരെ നടന്ന ആവേശപോരാട്ടത്തിൽ ഒരു വിക്കറ്റിനാണ് പാകിസ്ഥാൻ പരാജയപെട്ടത്.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 271 റൺസിൻ്റെ വിജയലക്ഷ്യം 47.2 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. 93 പന്തിൽ 7 ഫോറും മൂന്ന് സിക്സും അടക്കം 91 റൺസ് നേടിയ ഐയ്ഡൻ മാർക്രമാണ് സൗത്താഫ്രിക്കയ്ക്കായി തിളങ്ങിയത്. അവസാന നിമിഷം തുടർച്ചയായ വിക്കറ്റുകൾ നേടി പാകിസ്ഥാൻ തിരിച്ചെത്തിയെങ്കിലും വാലറ്റത്തിൻ്റെ പോരാട്ടമികവിൽ സൗത്താഫ്രിക്ക വിജയം കുറിച്ചു. ബൗണ്ടറി നേടികൊണ്ട് കേശവ് മഹാരാജാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നും ഹാരിസ് റൗഫ്, മൊഹമ്മദ് വാസിം, ഉസാമ മിർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 46.4 ഓവറിൽ 270 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 52 റൺസ് നേടിയ സൗദ് ഷക്കീലും 50 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമും 43 റൺസ് നേടിയ ഷദാബ് ഖാനും മാത്രമാണ് പാകിസ്താന് വേണ്ടി തിളങ്ങിയത്.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഷംസി പത്തോവറിൽ 60 റൺസ് വഴങ്ങി നാല് വിക്കറ്റും മാർക്കോ യാൻസൻ മൂന്ന് വിക്കറ്റും ജെറാൾഡ് കോട്സി രണ്ട് വിക്കറ്റും നേടി.