Skip to content

കോഹ്ലിയല്ല ! പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് അവനായിരിക്കും !! പ്രചനവുമായി ഷെയ്ൻ വാട്സൺ

ഈ ഏകദിന ലോകകപ്പിലെ പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് ആരായിരിക്കുമെന്ന് പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൺ. സ്റ്റാർ സ്പോർട്ട്സിന് വേണ്ടി സംസാരിക്കവെയാണ് ഈ പ്രവചനം വാട്സൺ നടത്തിയത്.

ഈ ലോകകപ്പിൽ നിരവധി താരങ്ങൾ മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. വിരാട് കോഹ്ലി, ഡീകോക്ക്, വാർണർ എന്നിവരാണ് ലോകകപ്പിലെ ഇതുവരെ ടോപ് റൺ സ്കോറർമാർ. എന്നാൽ ഇവരെയെല്ലാം ഒഴിവാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെ പ്ലേയർ ഓഫ് ദി ടൂർണമെൻ്റാകുമെന്നാണ് വാട്സൺ പ്രവചിച്ചിരിക്കുന്നത്.

ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്നും 62.20 ശരാശരിയിൽ 311 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ശേഷം പിന്നീട് നടന്ന എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം രോഹിത് ശർമ്മ കാഴ്ച്ചവെച്ചു.

” എൻ്റെ അഭിപ്രായത്തിൽ രോഹിത് ശർമ്മയായിരിക്കും ഈ ലോകകപ്പിലെ പ്ലേയർ ഓഫ് ദി ടൂർണമെൻ്റ്. ഈ ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനം അവൻ കാഴ്ച്ചവെച്ചു. അവൻ ബാറ്റ് ചെയ്ത രീതി കാണുമ്പോൾ അതിശയം തോന്നുന്നു. “

” ലോകത്തിലെ മികച്ച ബൗളർമാർക്കെതിരെ ആദ്യ പന്ത് മുതൽക്ക് തന്നെ അവൻ ഷോട്ടുകൾ പായിച്ചു. ടൂർണമെൻ്റിൻ്റെ അവസാനം വരെ അവൻ ഈ തകർപ്പൻ ഫോമിൽ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” ഷെയ്ൻ വാട്സൺ പറഞ്ഞു.

അഞ്ച് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇനി ഈ ഞായറാഴ്ച്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ലഖ്നൗവിലാണ് മത്സരം നടക്കുന്നത്.