Skip to content

ഇപ്പോഴാണെങ്കിൽ സച്ചിൻ 200 സെഞ്ചുറി നേടിയേനെ ! എസ് ശ്രീശാന്ത്

ലോക ക്രിക്കറ്റിൽ സച്ചിൻ്റെ റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറുകയാണ് വിരാട് കോഹ്ലി. എന്നാൽ വിരാട് കോഹ്ലിയെ ഒരിക്കലും സച്ചിനുമായി താരതമ്യം ചെയ്യാനാകില്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. അതിന് പിന്നിലെ കാരണവും ശ്രീശാന്ത് വിവരിച്ചു.

ഏകദിന ക്രിക്കറ്റിൽ സച്ചിനെ പിന്നിലാക്കാൻ ഇനി രണ്ട് സെഞ്ചുറി മാത്രമാണ് കോഹ്ലിയ്ക്ക് വേണ്ടത്. ഇതിനോടകം 48 സെഞ്ചുറി കോഹ്ലി നേടിയിട്ടുണ്ട്. വിരാട് കോഹ്ലി ആധുനിക ക്രിക്കറ്റിലെ ഇതിഹാസമാണെന്നും നിരവധി റെക്കോർഡുകൾ കോഹ്ലിയുടെ പേരിലുണ്ടെന്നും പക്ഷേ ഇതുകൊണ്ടൊന്നും സച്ചിനുമായി താരതമ്യം ചെയ്യുവാൻ സാധിക്കില്ലയെന്നും ശ്രീശാന്ത് പറഞ്ഞു.

സച്ചിൻ കളിച്ച കാലഘട്ടവും ഇപ്പോഴത്തെ കാലഘട്ടവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്നും അതിൽ പ്രധാനപെട്ടത് ബൗളർമാരുടെ നിലവാരമാണെന്നും സച്ചിൻ നേരിട്ടതുപോലെയുള്ള ഇതിഹാസ ബൗളർമാർ ഇപ്പോഴില്ലയെന്നും ഐ പി എല്ലിൽ പോലും ഇപ്പോൾ നിരവധി സെഞ്ചുറികൾ കാണാനാകുമെന്നും ശ്രീശാന്ത് പറഞ്ഞു.

” രണ്ട് കാലഘട്ടവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഒരേ സ്ഥലത്ത് ഓവറിലെ ആറ് പന്തും എറിയാനാകുന്ന ബൗളർമാർ ഇന്നില്ല. വസീം അക്രം, ഗ്ലെൻ മഗ്രാത്ത്, ഷെയ്ൻ വോൺ ഇവരുടെ പെർഫക്ഷൻ നോക്കൂ, അവർക്കെല്ലാം സച്ചിൻ ബാറ്റ് കൊണ്ട് മറുപടി നൽകി. വിരാട് കോഹ്ലിയും അതുപോലെയാണ്. പക്ഷേ കോഹ്ലിയെ പോലെ സച്ചിൻ ഒരിക്കലും ഒരു ബൗളർക്കെതിരെ വീണ്ടും വീണ്ടും പുറത്തായതായി ഞാൻ ഓർക്കുന്നില്ല. ” ശ്രീശാന്ത് പറഞ്ഞു.

കോഹ്ലിയ്ക്കെതിരായി താനൊന്നും പറയുന്നില്ലയെന്നും പക്ഷേ ഇപ്പോഴത്തെ വിക്കറ്റുകളിൽ കളിച്ചിരുന്നുവെങ്കിൽ സച്ചിൻ നൂറല്ല 200 സെഞ്ചുറി നേടുമായിരുന്നുവെന്നും ഇക്കാര്യം കോഹ്‌ലി പോലും അംഗീകരിക്കുമെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.