Skip to content

തോൽവികളുടെ കലിപ്പ് ഇന്ത്യയോട് തീർക്കണം ! മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും ഏറെക്കുറെ പുറത്തായിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ആദ്യ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കാൻ സാധിച്ചത്. ഇനി അഭിമാന പോരാട്ടത്തിനായി ഇറങ്ങുന്ന ബട്ട്ലർക്കും കൂട്ടർക്കും നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ.

കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയോട് തോറ്റ ഇംഗ്ലണ്ടിൻ്റെ അടുത്ത മത്സരം ഇനി ഇന്ത്യയ്ക്കെതിരെയാണ്. അഞ്ചിൽ അഞ്ചിലും വിജയിച്ചുകൊണ്ട് അതിശക്തരായാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാൻ എത്തുന്നത്.

ലോകകപ്പിൽ ഏറ്റുവാങ്ങിയ തോൽവികളുടെ കലിപ്പ് ഇന്ത്യയോട് തീർക്കണമെന്നാണ് നാസർ ഹുസൈൻ്റെ നിർദ്ദേശം. മോശം പ്രകടനത്തിൻ്റെ ഉത്തരവാദിത്വം എല്ലാ കളിക്കാരും ഏറ്റെടുക്കണമെന്നും ലഖ്നൗവിൽ എത്തി ഇന്ത്യയുടെ തുടർവിജയങ്ങളുടെ സന്തോഷം ഇല്ലാതാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തങ്ങൾ എത്രത്തോളം മികച്ച കളിക്കാരാണെന്ന് ഇന്ത്യയ്ക്കും ലോകത്തിനും ഈ മത്സരത്തിലൂടെ കാണിച്ചുകൊടുക്കണമെന്നും നാസർ ഹുസൈൻ കൂട്ടിച്ചേർത്തു.

ആദ്യ അഞ്ച് മത്സരങ്ങളിൽ ബംഗ്ളാദേശിനെതിരെ മാത്രമാണ് ഇംഗ്ലണ്ട് വിജയിച്ചത്. കണക്കുകളിൽ സാധ്യത ഉണ്ടെങ്കിൽ കൂടിയും സെമിഫൈനൽ പ്രതീക്ഷകൾ അവസാനിച്ചുവെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറും ഹെഡ് കോച്ചും തുറന്നുപറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇനിയുള്ളത് അഭിമാന പോരാട്ടമായിരിക്കും.

ഇന്ത്യ, ഓസ്ട്രേലിയ, നെതർലൻഡ്സ്, പാകിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയാണ് ഇനി ഇംഗ്ലണ്ടിന് മത്സരങ്ങൾ ഉള്ളത്. 29 നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടുന്നത്. ഹാർദിക്ക് പാണ്ഡ്യ ഇല്ലാതെയാകും ഈ മത്സരത്തിലും ഇന്ത്യ കളിക്കാൻ ഇറങ്ങുക. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചായതിനാൽ അശ്വിൻ ഇന്ത്യയ്ക്കായി കളിച്ചേക്കും.