Skip to content

ലോകകപ്പ് വിജയിപ്പിക്കുന്നത് ക്യാപ്റ്റനല്ല !! വീണ്ടും ധോണിയ്ക്കെതിരെ ഗംഭീറിൻ്റെ ഒളിയമ്പ്

മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയെ ലക്ഷ്യമാക്കി വീണ്ടും രംഗത്തെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇംഗ്ലണ്ട് ശ്രീലങ്ക മത്സരത്തിൽ കമൻ്ററി പറയുന്നതിനിടെയാണ് ധോണിയ്ക്കും ആരാധകർക്കുമെതിരെ ഗംഭീർ ഒളിയമ്പ് പായിച്ചത്.

നേരത്തെ ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷർ വിരാട് കോഹ്ലിയാണെന്നും ആറാമനായും ഏഴാമനായും ഇറങ്ങിയതുകൊണ്ട് മാത്രം ഫിനിഷറാവുകയില്ലെന്നുമുള്ള ഗംഭീറിൻ്റെ പ്രസ്താവന ധോണി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ധോണിയെ ലക്ഷ്യമാക്കിയാണ് കോഹ്ലിയെ ഇത്തരത്തിൽ ഗംഭീർ പ്രശംസിച്ചതെന്ന് ആരാധകർ വിമർശിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഇത്തരത്തിൽ ഒരു പ്രസ്താവനയാണ് ഗംഭീറിൽ നിന്നുമുണ്ടായത്.

ഇംഗ്ലണ്ടിൻ്റെ മോശം പ്രകടനം ചൂണ്ടികാട്ടിയാണ് ഇക്കാര്യം ഗംഭീർ തുറന്നുപറഞ്ഞത്. ഒരു ക്യാപ്റ്റന് ഒറ്റയ്ക്ക് ലോകകപ്പ് വിജയിക്കാൻ സാധിക്കുമെങ്കിൽ ജോസ് ബട്ട്ലർ ഇപ്പോൾ ലോകകപ്പ് നേടുമായിരുന്നുവെന്നും ലോകകപ്പ് നിലനിർത്താൻ ജോസ് ബട്ട്ലർ പരാജയപെട്ടതിന് കാരണം ബാറ്റ്സ്മാന്മാരും ബൗളർമാരും പരാജയപെട്ടതുകൊണ്ടാണെന്നും. അതുകൊണ്ട് തന്നെ ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് ഒരാൾക്ക് മാത്രം നൽകുമ്പോൾ മറ്റുള്ളവർ എന്തുചിന്തിക്കുമെന്ന് മനസ്സിലാക്കണമെന്നും ഗംഭീർ പറഞ്ഞു.

ഇതിന് മുൻപും ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് ധോണിയിലേക്ക് മാത്രം ചുരുങ്ങിപോകുന്നതിൽ ഗംഭീർ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ധോണിയെ മാത്രം പ്രശംസിക്കുന്നവർ യുവരാജ് സിങും സഹീർ ഖാനും സച്ചിനും അടക്കമുളളവർ വഹിച്ച പങ്കിനെ വിസ്മരിക്കുകയാണെന്നും ഗംഭീർ പറഞ്ഞിരുന്നു.