Skip to content

2019 ഒഴിച്ചുനിർത്തിയാൽ അവർ എന്താണ് ചെയ്തിരിക്കുന്നത് ! ഇംഗ്ലണ്ടിനെ പരിഹസിച്ച് വീരേന്ദർ സെവാഗ്

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെയും പരാജയപെട്ടിരിക്കുകയാണ് ഇംഗ്ലണ്ട്. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിൻ്റെ നാലാം പരാജയം കൂടിയാണിത്. ഈ തോൽവിയ്‌ക്ക് പുറകെ ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്.

ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് പരാജയപെട്ടത്. ഇംഗ്ലണ്ടിനെ 33.2 ഓവറിൽ വെറും 156 റൺസിൽ ചുരുക്കികെട്ടിയ ശ്രീലങ്ക 157 റൺസിൻ്റെ വിജയലക്ഷ്യം 25.4 ഓവറിൽ മറികടന്നു. വിജയത്തോടെ പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് എത്തുവാൻ ശ്രീലങ്കയ്ക്ക് സാധിച്ചു.

ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഒരു സാധാരണ ടീം മാത്രമെന്നാണ് സെവാഗ് പറഞ്ഞിരിക്കുന്നത്. 2019 ൽ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് ഒഴിച്ചുനിർത്തിയാൽ കഴിഞ്ഞ എട്ട് ലോകകപ്പിൽ ഏഴിലും സെമി ഫൈനലിൽ എത്തുവാൻ പോലും ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ലയെന്നും ടെസ്റ്റ് ക്രിക്കറ്റിലെന്ന പോലെ ഏകദിനത്തിലും ശക്തമായ ടീമെന്ന് കരുതി ടീമിന് സ്ഥിരത നൽകാതെ നിരവധി മാറ്റങ്ങൾ വരുത്തിയതും ഇംഗ്ലണ്ടിന് വിനയായെന്നും സെവാഗ് പറഞ്ഞു.

ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപെട്ട ടീമായിരുന്നു ഇംഗ്ലണ്ട്. എന്നാൽ ആദ്യ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കുവാനായി സാധിച്ചത്. പോയിൻ്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഉള്ളത്. അഞ്ചിൽ അഞ്ചിലും വിജയിച്ച ആതിഥേയരായ ഇന്ത്യയ്ക്കെതിരെയാണ് ഇംഗ്ലണ്ടിൻ്റെ അടുത്ത മത്സരം.