Skip to content

ശ്രീലങ്കയ്ക്കെതിരെയും തോൽവി ! തകർന്നുതരിപ്പണമായി ഇംഗ്ലണ്ട്

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് തുടർച്ചയായ മൂന്നാം തോൽവി. ബാംഗ്ലൂരിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിലും ഇംഗ്ലണ്ടിന് വിജയിക്കാനായില്ല. ഇതോടെ ബട്ട്ലറുടെയും കൂട്ടരുടെയും സെമിഫൈനൽ മോഹങ്ങൾ ഏറെകുറെ അവസാനിച്ചു.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 157 റൺസിൻ്റെ വിജയലക്ഷ്യം 25.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. തുടക്കത്തിൽ കുശാൽ പേരേരയെയും കുശാൽ മെൻഡിസിനെയും നഷ്ടപെട്ടുവെങ്കിലും 77 റൺസ് നേടിയ പാതും നിസങ്കയുടെയും 65 റൺസ് നേടിയ സമരവിക്രമയുടെയും മികവിൽ ശ്രീലങ്ക അനായാസം വിജയം കുറിച്ചു.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 33.2 ഓവറിൽ 156 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 73 പന്തിൽ 43 റൺസ് നേടിയ ബെൻ സ്റ്റോക്സ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചുനിന്നത്. ബട്ട്ലർ 8 റൺസും റൂട്ട് 3 റൺസും നേടി പുറത്തായി.

ശ്രീലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര മൂന്ന് വിക്കറ്റും ഏഞ്ചലോ മാത്യൂസ്, രജിത എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ശ്രീലങ്കയുടെ തുടർച്ചയായ രണ്ടാം വിജയം കൂടിയാണിത്. കഴിഞ്ഞ മത്സരത്തിൽ നെതർലൻഡ്സിനെയും ശ്രീലങ്ക പരാജയപെടുത്തിയിരുന്നു.