Skip to content

ഇനി അവരെ ഭയപെടണം മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ശേഷം തുടർച്ചയായ മൂന്ന് വിജയം നേടികൊണ്ട് തിരിച്ചെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. അവസാനമായി നെതർലൻഡ്സിനെതിരെ പടുകൂറ്റൻ വിജയമാണ് ഓസ്ട്രേലിയ നേടിയത്. ഓസ്ട്രേലിയയുടെ തിരിച്ചുവരവിൽ മറ്റു ടീമുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ശ്രീലങ്ക, പാകിസ്ഥാൻ, നെതർലൻഡ്സ് എന്നീ ടീമുകളെയാണ് ഇന്ത്യയ്ക്കെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയും തോറ്റ ശേഷം ഓസ്ട്രേലിയ തോൽപ്പിച്ചത്. നെതർലൻഡ്സിനെതിരെ 309 റൺസിൻ്റെ കൂറ്റൻ വിജയം നേടികൊണ്ട് നെറ്റ് റൺ റേറ്റ് ഓസ്ട്രേലിയ സുരക്ഷിതമാക്കുകയും ചെയ്തു.

” ഏകദിന ക്രിക്കറ്റിൽ ഏത് ടീമാണ് എതിർടീമിനെ 309 റൺസിനെല്ലാം തകർക്കുക ? ഓസ്ട്രേലിയ ശരിക്കും തിരിച്ചെത്തിയതായി എനിക്ക് തോന്നുന്നു. അവർ ഇതിന് മുൻപ് ശ്രീലങ്കയെയും പാകിസ്ഥാനെയും തോൽപ്പിച്ചു. ഇപ്പോഴിതാ നെതർലൻഡ്സിനെയും. ഇന്ത്യയ്‌ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും നേരിട്ട തോൽവികളുടെ മുറിവുകൾ ഭേദമായി കഴിഞ്ഞു. ”

” മറ്റു ടീമുകൾ ഓസ്ട്രേലിയയെ ഇനിമുതൽ ഭയപ്പെട്ടുതുടങ്ങും. ടോപ്പ് ഫോർ ഇങ്ങനെ തന്നെയാകുമെന്നാണ് ഞാൻ കരുതുന്നത്. (ഇന്ത്യ, സൗത്താഫ്രിക്ക, ന്യൂസിലാൻഡ്, ഓസ്ട്രേലിയ) അഞ്ചാം സ്ഥാനത്തുനിന്നും എട്ടാം സ്ഥാനത്തേക്ക് മാറ്റങ്ങൾ ഉണ്ടാകാം. പക്ഷേ ആദ്യ നാലിൽ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല.” ആകാശ് ചോപ്ര പറഞ്ഞു.

ഒക്ടോബർ 28 ന് തകർപ്പൻ ഫോമിലുള്ള ന്യൂസിലൻഡിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.