Skip to content

ലോകകപ്പിൽ ഫിഫ്റ്റികൾ നേടിയിട്ടുണ്ട് ഇക്കുറി … സെഞ്ചുറിയെ കുറിച്ച് വിരാട് കോഹ്ലി

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ തകർപ്പൻ സെഞ്ചുറി കുറിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിച്ചതിനൊപ്പമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഇക്കുറി സെഞ്ചുറി കുറിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് മത്സരശേഷം തുറന്നുപറഞ്ഞിരിക്കുകയാണ് കിങ് കോഹ്ലി.

മത്സരത്തിൽ വിജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെ 97 ൽ നിൽക്കെ സെഞ്ചുറി നേടികൊണ്ടാണ് കിങ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. സ്കോർ 231 ൽ എത്തിയ ശേഷം പിന്നീട് എല്ലാ പന്തും നേരിട്ടതും റൺസ് നേടിയതും കോഹ്ലിയായിരുന്നു.

ലോകകപ്പിൽ കുറച്ച് ഫിഫ്റ്റി നേടിയിട്ടുണ്ടെങ്കിലും അത് സെഞ്ചുറിയാക്കി മാറ്റുവാൻ സാധിച്ചിട്ടില്ലയെന്നും ഇക്കുറി ഫിനിഷ് ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു.

ഏകദിന ലോകകപ്പിലെ കോഹ്ലിയുടെ മൂന്നാം സെഞ്ചുറിയും ലോകകപ്പിൽ ചേസിങിൽ കോഹ്ലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. ഏകദിന ക്രിക്കറ്റിലെ കോഹ്ലിയുടെ 48 ആം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ താരത്തിൻ്റെ 78 ആം സെഞ്ചുറിയും ആണിത്. ഏകദിന ക്രിക്കറ്റിൽ ഇനി സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കാൻ രണ്ട് സെഞ്ചുറി മാത്രമാണ് കോഹ്ലിയ്ക്ക് വേണ്ടത്.

മത്സരത്തിലേക്ക് വരുമ്പോൾ 257 റൺസിൻ്റെ വിജയലക്ഷ്യം 41.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ നാലാം വിജയമാണിത്. ഇതിന് മുൻപ് നടന്ന മത്സരങ്ങളിൽ ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ ടീമുകളെയാണ് ഇന്ത്യ പരാജയപെടുത്തിയത്.