Skip to content

ബിസിസിഐയ്ക്ക് ആശ്വാസം ! ലോകകപ്പ് കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വലിയ വർധനവ്

ഇക്കുറി ഐസിസി ഏകദിന ലോകകപപിൽ തുടക്കം മുതൽ വലിയ വിമർശനമാണ് ബിസിസിഐ ഏറ്റുവാങ്ങിയത്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലെ കാണികളുടെ കുറവും ടിക്കറ്റ് വിൽപ്പനയിലെ പാകപിഴകളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. എന്നാൽ ബിസിസിഐയ്ക്ക് ആശ്വാസം തരുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യ ഇതര മത്സരങ്ങളിൽ സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണത്തിൽ കുറവെണ്ടെങ്കിൽ കൂടിയും അത് ടെലിവിഷൻ കാഴ്ച്ചയ്ക്കാരുടെ എണ്ണത്തെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്റ്റാർ സ്പോർട്ട്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകകപ്പിലെ ആദ്യ 11 മത്സരങ്ങൾ 26 കോടി കാഴ്ച്ചയ്ക്കാരാണ് വീക്ഷിച്ചത്. 59 ബില്യൺ വാച്ച് ടൈമും ഇതുവരെ ടൂർണമെൻ്റിൽ രേഖപെടുത്തി. കഴിഞ്ഞ ഏകദിന ലോകകപ്പിനേക്കാൾ 22 ശതമാനം വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരമാണ് ഒരേ സമയം ഏറ്റവും കൂടുതൽ പേർ കണ്ടത്. 56 മില്യൺ കാഴ്ച്ചയ്ക്കാർ ഒരേ സമയം മൽസരം വീക്ഷിച്ചു.

ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൻ്റെ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹോട്ട്സ്റ്റാറിൽ മാത്രം ഒരേ സമയം 3.5 കോടി പേർ മത്സരം വീക്ഷിച്ചിരുന്നു. ഇന്ത്യയിലെ മാത്രം കണക്കാണ് നിലവിൽ ലഭ്യമായിരിക്കുന്നത്. മൊത്തം കണക്കുകൾ ലോകകപ്പിന് ശേഷമായിരിക്കും ഐസിസി പുറത്തുവിടുക.