Skip to content

ഈ തോൽവി മറക്കില്ല ! സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് സൗത്താഫ്രിക്ക. ശ്രീലങ്കയ്ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും ഗംഭീര വിജയം നേടിയെത്തിയ സൗത്താഫ്രിക്കയെയാണ് ഡച്ച് പട പരാജയപെടുത്തിയത്.

ധർമ്മശാലയിൽ നടന്ന മത്സരത്തിൽ 38 റൺസിനായിരുന്നു നെതർലൻഡ്സിൻ്റെ വിജയം. 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ നെതർലൻഡ്സ് ഉയർത്തിയ 246 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 42.5 ഓവറിൽ 207 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

മത്സരത്തിൽ ഏറ്റുവാങ്ങിയ ഈ തോൽവി മറക്കുകയില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെംബാ ബാവുമ. ഈ തോൽവിയുടെ നിരാശ ഉള്ളിൽ ഉണ്ടാവണമെന്നും ഈ തോൽവി മറക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ലയെന്നും ഈ തോൽവി ടീമിലെ ഏവരെയും വേദനിപ്പിക്കുമെന്ന് അറിയാമെന്നും അത് വേദനിക്കണമെന്നും ബാവുമ പറഞ്ഞു.

ഇന്നത്തെ തോൽവികൊണ്ട് തങ്ങളുടെ ലോകകപ്പ് അവസാനിച്ചിട്ടില്ലയെന്നും ഈ തോൽവിയുടെ വികാരങ്ങൾ അനുഭവിച്ച് അറിഞ്ഞുകൊണ്ട് നാളെ തലയുയർത്തിതന്നെ തങ്ങൾ മടങ്ങിവരുമെന്നും ബാവുമ മത്സരശേഷം പറഞ്ഞു.

ഐസിസി ടൂർണമെൻ്റിൽ നെതർലൻഡ്സിനെതിരായ സൗത്താഫ്രിക്കയുടെ തുടർച്ചയായ രണ്ടാം തോൽവി കൂടിയാണിത്. ഇതിന് മുൻപ് കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ നെതർലൻഡ്സ് സൗത്താഫ്രിക്കയെ 13 റൺസിന് പരാജയപെടുത്തിയിരുന്നു. മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ശ്രീലങ്കയെ പിന്നിലാക്കാൻ ഡച്ച് പടയ്ക്ക് സാധിച്ചു. ഇനി ഒക്ടോബർ 21 ന് ശ്രീലങ്കയ്ക്കെതിരെയാണ് നെതർലൻഡ്സിൻ്റെ അടുത്ത മത്സരം. അതേ ദിവസം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നെതർലൻഡ്സ് നേരിടും.