Skip to content

മുൻപ് നേരെ മറിച്ചായിരുന്നു ! ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തെ കുറിച്ച് ഗൗതം ഗംഭീർ

ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ ഏകപക്ഷീയമാകുന്നതിൽ ആശങ്ക പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഇന്ത്യ പുലർത്തുന്ന മേധാവിത്വത്തെ കുറിച്ച് ഗംഭീർ ആശങ്ക പങ്കുവെച്ചത്.

ലോകകപ്പിലെ പോരാട്ടത്തിൽ 7 വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ നേടിയിരുന്നു. ഇതിന് മുൻപ് ഏഷ്യ കപ്പിലും അനായാസ വിജയമാണ് ഇന്ത്യ പാകിസ്ഥാനെതിരെ നേടിയത്. മുൻപ് ഇത്ര മേധാവിത്വത്തോടെ ഇന്ത്യ വിജയം നേടിയിട്ടില്ലയെന്നും ഒരുപാട് കാലം ഇത് നേരെ മറിച്ചാണ് സംഭവിച്ചിരുന്നതെന്നും എന്നാലിപ്പോൾ ഇരു ടീമുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഗംഭീർ പറഞ്ഞു.

പാകിസ്ഥാൻ്റെ ഈ തകർച്ച ഏഷ്യയിലെ ക്രിക്കറ്റിന് നല്ലതല്ലയെന്നും ഇന്ത്യ പാകിസ്ഥാൻ പരമ്പരകളിൽ വലിയ പോരാട്ടം നടക്കാറുണ്ടെന്നും പക്ഷേ ഇനി ഒരു പരമ്പര നടന്നാൽ അത് കാണാൻ സാധിക്കുകയില്ലെന്നും ഇരു ടീമുകളും ഇപ്പോൾ തുല്യശക്തികൾ അല്ലെന്നും വലിയ വ്യത്യാസം ഇരു ടീമുകളും തമ്മിൽ ഇപ്പോൾ ഉണ്ടെന്നും ഗംഭീർ പറഞ്ഞു.

ലോകകപ്പിലേക്ക് വരുമ്പോൾ മൂന്നിൽ മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പോയിൻ്റ് ടേബിളിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ഉള്ളത്. നാളെ ബംഗ്ളാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മറുഭാഗത്ത് മൂന്നിൽ രണ്ടിലും വിജയിച്ച പാകിസ്ഥാന് ഇനി കടുത്ത മത്സരങ്ങളാണ് വരാനിരിക്കുന്നത്. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയും പിന്നീട് ചെന്നൈ ചെപ്പോക്കിൽ അഫ്ഗാനിസ്ഥാനെതിരെയുമാണ് പാകിസ്ഥാൻ്റെ ഇനിയുള്ള രണ്ട് മത്സരങ്ങൾ.