Skip to content

തുടർച്ചയായ തോൽവി !! ആ നാണക്കേട് ഇനി ശ്രീലങ്കയ്ക്ക് സ്വന്തം

ഐസിസി ഏകദിന ലോകകപ്പിൽ മോശം പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ശ്രീലങ്ക. ഓസ്ട്രേലിയക്കെതിരായ തോൽവിയോടെ തുടർച്ചയായ മൂന്നാം തോൽവിയാണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്. ഈ പരാജയത്തോടെ ലോകകപ്പിലെ നാണക്കേടിൻ്റെ റെക്കോർഡ് ശ്രീലങ്കയെ തേടി എത്തിയിരിക്കുകയാണ്.

ലഖ്നൗവിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ തോൽവി. ശ്രീലങ്ക ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം 35.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.

മത്സരത്തിലെ തോൽവിയോടെ ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പരാജയം ഏറ്റുവാങ്ങിയ ടീമായി ശ്രീലങ്ക മാറി. ലോകകപ്പിൽ ഇതുവരെ 42 മത്സരങ്ങളിൽ ശ്രീലങ്ക പരാജയപെട്ടിട്ടുണ്ട്. 42 മത്സരങ്ങളിൽ പരാജയപെട്ട സിംബാബ്വെയ്ക്കൊപ്പമാണ് ഈ നാണകേടിൽ ശ്രീലങ്ക എത്തിയിരിക്കുന്നത്. 35 മത്സരങ്ങളിൽ പരാജയപെട്ട വെസ്റ്റിൻഡീസ്, 34 മത്സരങ്ങളിൽ പരാജയപെട്ട ഇംഗ്ലണ്ട് എന്നീ ടീമുകളാണ് പിന്നിലുള്ളത്.

കൂടാതെ ലോകകപ്പ് ചരിത്രത്തിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ പരാജയം ഏറ്റുവാങ്ങുന്ന ടീമെന്ന റെക്കോർഡും ശ്രീലങ്കയുടെ പേരിലായി. ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ ശ്രീലങ്കയുടെ ഒമ്പതാം തോൽവിയാണിത്.

മത്സരത്തിലേക്ക് വരുമ്പോൾ ഓപ്പണിങ് കൂട്ടുകെട്ടിൽ 125 റൺസ് നേടിയ ശേഷമാണ് 209 റൺസിന് ശ്രീലങ്ക ഓൾ ഔട്ടായത്. തോൽവിയോടെ പോയിൻ്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് അവർ പിന്തള്ളപെട്ടു. ഒക്ടോബർ 21 ന് നെതർലൻഡ്സിനെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം.