Skip to content

ക്രിക്കറ്റ് മാത്രമാണ് അവരുടെ സന്തോഷം ! ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പുറകെ റാഷിദ് ഖാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്രവിജയം നേടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഈ ചരിത്രവിജയത്തിന് പുറകെ വികാരധീനനായി പ്രതികരിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ.

മത്സരത്തിൽ 69 റൺസിനായിരുന്നു അഫ്ഗാനിസ്ഥാൻ്റെ വിജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 40.3 ഓവറിൽ 215 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

ഒരിക്കലും അവസാനിക്കാത്ത പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ജനതയാണ് അഫ്ഗാനിസ്ഥാനിലേത്. യുദ്ധവും താലിബാൻ ഭരണവും അവിടുത്തെ ജീവിതവും ക്രിക്കറ്റും ദുസ്സഹമാക്കിയിരുന്നു. വനിതാ ക്രിക്കറ്റ് അഫ്ഗാനിസ്ഥാൻ ഇല്ലാതെയായി. ഇതിന് പുറകെയാണ് ഇപ്പോൾ ഭൂകമ്പവും അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ തങ്ങൾ നേടിയ ചരിത്രവിജയം അഫ്ഗാൻ ജനതയ്ക്ക് സന്തോഷം പകരുമെന്നാണ് തൻ്റെ പ്രതീക്ഷയെന്ന് മത്സരശേഷം റാഷിദ് ഖാൻ പറഞ്ഞു.

ക്രിക്കറ്റ് മാത്രമാണ് നിലവിൽ അഫ്ഗാൻ ജനതയ്ക്ക് സന്തോഷം നൽകുന്നതെന്നും ഇംഗ്ലണ്ടിനെതിരായ ഈ വിജയം തങ്ങളെ സംബന്ധിച്ച് വളരെ വലുതാണെന്നും അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിൽ മൂവായിരത്തിൽ അധികം പേർക്ക് ജീവൻ നഷ്ടമായെന്നും ഒരുപാട് വീടുകൾ തകർന്നുവെന്നും ഈ വിജയത്തിന് അവരുടെ ആ ദിനങ്ങൾ മറക്കാനും അൽപ്പം പുഞ്ചിരി നൽകാനും സാധിക്കുമെന്നും റാഷിദ് ഖാൻ പറഞ്ഞു.

ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിലെ അഫ്ഗാനിസ്ഥാൻ്റെ രണ്ടാമത്തെ വിജയം മാത്രമാണിത്. ഇതിന് മുൻപ് 2015 ൽ സ്കോട്ലൻഡിനെതിരെയാണ് അഫ്ഗാൻ അവരുടെ ആദ്യ വിജയം നേടിയത്.