Skip to content

അതിനുള്ള സമയം ഇതല്ല !! ബാബറിനെതിരെ ആഞ്ഞടിച്ച് വസീം അക്രം

ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ താരം വസീം അക്രം. തോൽവിയല്ല മത്സരശേഷം താരം കാണിച്ച പ്രവൃത്തിയാണ് വസീം അക്രമിനെ ചൊടിപ്പിച്ചത്.

മത്സരത്തിൽ 7 വിക്കറ്റിൻ്റെ ഏകപക്ഷീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. പാകിസ്ഥാൻ ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യം 117 പന്തുകൾ ബാക്കിനിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നിരുന്നു. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ഏറ്റുവാങ്ങുന്ന എട്ടാം തോൽവിയാണിത്. മത്സരത്തിന് പുറകെ ബാബർ കോഹ്ലിയുമായി കണ്ടുമുട്ടുകയും കോഹ്ലിയുടെ ജേഴ്സി സമ്മാനമായി വാങ്ങുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ ഇതിൽ വലിയ വിമർശനമാണ് ബാബറിന് നേരെ വസീം അക്രം ഉന്നയിച്ചത്. ഇത്തരമൊരു തോൽവി ഏറ്റുവാങ്ങിയ ശേഷം പരസ്യമായി ചെയ്യേണ്ട കാര്യമല്ല ഇതെന്നും ബാബറിൻ്റെ കസിൻ കോഹ്ലിയുടെ ജേഴ്സി ചോദിച്ചാൽ അത് മത്സരശേഷം ഡ്രസിങ് റൂമിൽ വെച്ചാണ് വാങ്ങേണ്ടിയിരുന്നതെന്നും ഇന്നത്തെ ദിവസമല്ല അത് ചെയ്യേണ്ടതെന്നും വസീം അക്രം തുറന്നടിച്ചു.

ഈ ലോകകപ്പിലെ പാകിസ്ഥാൻ്റെ ആദ്യ തോൽവി കൂടിയാണിത്. ഇതിന് മുൻപ് നടന്ന മത്സരങ്ങളിൽ നെതർലൻഡ്സിനെയും ശ്രീലങ്കയെയും പാകിസ്ഥാൻ പരാജയപെടുത്തിയിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരെയായ വമ്പൻ തോൽവി ഏറ്റുവാങ്ങിയത് പാകിസ്ഥാന് തിരിച്ചടിയായി. ഇനി ഒക്ടോബർ 20 ന് ഓസ്ട്രേലിയക്കെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം. മൂന്ന് മത്സരങ്ങളിൽ നാല് പോയിൻ്റോടെ നാലാം സ്ഥാനത്താണ് നിലവിൽ പാകിസ്ഥാൻ ഉള്ളത്.

മറുഭാഗത്ത് മൂന്നിൽ മൂന്നിലും വിജയിച്ച ഇന്ത്യ ന്യൂസിലൻഡിനെ പിന്നിലാക്കികൊണ്ട് ഒന്നാം സ്ഥാനത്ത് എത്തി. ഇനി ഒക്ടോബർ 19 ന് ബംഗ്ളാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.