Skip to content

ഇതിലും ഭേദം അഫ്ഗാനിസ്ഥാൻ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് തരിപ്പണമായി പാകിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് മുൻപിൽ തകർന്നടിഞ്ഞ് പാകിസ്ഥാൻ ബാറ്റിങ് നിര. മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ കുറഞ്ഞ സ്കോറിന് ഇന്ത്യയ്ക്കെതിരെ പുറത്തായി.

മികച്ച തുടക്കം ലഭിച്ച ശേഷമാണ് മധ്യഓവറുകളിൽ പാകിസ്ഥാൻ മത്സരം കൈവിട്ടത്. 42.5 ഓവറിൽ 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും അവർക്ക് നഷ്ടമായി. ഒരു ഘട്ടത്തിൽ 155/2 എന്ന ശക്തമായ നിലയിൽ നിന്നാണ് പാകിസ്ഥാൻ തകർന്നത്. പിന്നീട് 36 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി.

58 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമിനെ മൊഹമ്മദ് സിറാജ് പുറത്താക്കിയതോടെയാണ് പാകിസ്ഥാൻ്റെ തകർച്ച ആരംഭിച്ചത്. പിന്നാലെ ഒരോവറിൽ 6 റൺസ് നേടിയ സൗദ് ഷക്കീൽ, 4 റൺസ് നേടിയ ഇഫ്തിഖാർ എന്നിവരെ കുൽദീപ് യാദവ് പുറത്താക്കി. 49 റൺസ് നേടിയ റിസ്വാൻ ക്രീസിൽ ഉണ്ടായിരുന്നതിൻ്റെ പ്രതീക്ഷ ജസ്പ്രീത് ബുംറ അതിന് പിന്നാലെ അവസാനിപ്പിച്ചു.

മോശം ഫോമിലുള്ള ഷദാബ് ഖാന് ഇന്ത്യയ്ക്കെതിരെയും തിളങ്ങാൻ സാധിച്ചില്ല. 2 റൺസ് നേടിയ താരത്തെ തകർപ്പൻ പന്തിലൂടെ ബുംറ തന്നെ പുറത്താക്കി. വാലറ്റത്തെയും ഇന്ത്യൻ ബൗളർമാർ അതിവേഗം മടക്കിയതോടെ വെറും 191 റൺസിൽ പാകിസ്ഥാൻ ഓൾ ഔട്ടായി.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാൻ്റെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടീം ടോട്ടലാണിത്.