Skip to content

ഹിറ്റ്മാൻ വെടിക്കെട്ട് ! ലോകകപ്പിൽ അഫ്ഗാനെയും തകർത്ത് ഇന്ത്യയുടെ കുതിപ്പ്

ഐസിസി ഏകദിന ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം. ഡൽഹിയിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപെടുത്തിയാണ് രണ്ടാം വിജയം ഇന്ത്യ നേടിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം ഇന്ത്യ കുറിച്ചത്.

മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 റൺസിൻ്റെ വിജയലക്ഷ്യം 35 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ഗംഭീര തുടക്കമാണ് ഇഷാൻ കിഷനെ കാഴ്ച്ചയ്ക്കാരനാക്കി രോഹിത് ശർമ്മ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. പതിനെട്ടാം ഓവറിൽ തന്നെ 63 പന്തിൽ രോഹിത് ശർമ്മ തൻ്റെ സെഞ്ചുറി പൂർത്തിയാക്കി. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 156 റൺസ് രോഹിത് ഇഷാൻ കിഷനുമായി ചേർന്ന് കൂട്ടിച്ചേർത്തു.

ഇഷാൻ കിഷൻ 47 പന്തിലി 5 ഫോറും 2 സിക്സും ഉൾപ്പടെ 47 റൺസ് നേടി പുറത്തായപ്പോൾ രോഹിത് ശർമ്മ 84 പന്തിൽ 16 ഫോറും 5 സിക്സും ഉൾപ്പടെ 131 റൺസ് നേടിയാണ് പുറത്തായത്. വിരാട് കോഹ്ലി 56 പന്തിൽ 55 റൺസും ശ്രേയസ് അയ്യർ 23 പന്തിൽ 25 റൺസും നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 80 റൺസ് നേടിയ ക്യാപ്റ്റൻ ഷാഹിദിയും 62 റൺസ് നേടിയ അസ്മതുള്ളയുമാണ് അഫ്ഗാനായി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി.

ഒക്ടോബർ പതിനാലിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം ഇംഗ്ലണ്ടിനെതിരെയാണ് അഫ്ഗാൻ്റെ അടുത്ത മത്സരം. നാളത്തെ മത്സരത്തിൽ ഓസ്ട്രേലിയ സൗത്താഫ്രിക്കയെ നേരിടും.