Skip to content

അഭിമാന നേട്ടവുമായി രോഹിത് ശർമ്മ ! പിന്നിലാക്കിയത് ഓസ്ട്രേലിയൻ ഇതിഹാസത്തെ

തകർപ്പൻ പ്രകടനമാണ് അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ താരത്തിൻ്റെ ഗംഭീര തിരിച്ചുവരവാണ് ഇക്കുറി കണ്ടത്. മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിലെ മൂന്നാമനായി രോഹിത് ശർമ്മ മാറുകയും ചെയ്തു.

273 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി വെറും 63 പന്തിൽ നിന്നുമാണ് രോഹിത് ശർമ്മ സെഞ്ചുറി കുറിച്ചത്. 84 പന്തിൽ 16 ഫോറും 5 സിക്സും അടക്കം 131 റൺസ് നേടിയ രോഹിത് ശർമ്മയെ ഒടുവിൽ റാഷിദ് ഖാനാണ് പുറത്താക്കിയത്.

ഏകദിന ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ 31 ആം സെഞ്ചുറിയാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറി. 30 സെഞ്ചുറി നേടിയിട്ടുള്ള ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങിനെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്.

ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ മൂന്ന് ബാറ്റ്സ്മാന്മാരും ഇന്ത്യയ്ക്കാരായി മാറി. 49 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറും 47 സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുമാണ് ഈ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 80 റൺസ് നേടിയ ക്യാപ്റ്റൻ ഷാഹിദിയും 62 റൺസ് നേടിയ അസ്മതുള്ളയും മാത്രമാണ് അഫ്ഗാൻ നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ നേടി.